സപ്ലൈകോ നെല്ലെടുപ്പ്; മില്ലുകളുടെ നിലപാടിൽ കർഷക പ്രതിഷേധം
Mail This Article
പത്തിരിപ്പാല ∙ സപ്ലൈകോ സംഭരിക്കുന്ന നെല്ലില്‍ ഒരു ചാക്കിന് 3 കിലോ ഗ്രാം വീതം കിഴിവ് ചെയ്യണമെന്ന സ്വകാര്യ മില്ലുകളുടെ നിലപാടിനെതിരെ കർഷകർ രംഗത്ത്. മാങ്കുറുശ്ശി കരാങ്കോട് പാടശേഖര സമിതിയിലെ കർഷകരാണു പ്രതിഷേധ യോഗം ചേര്‍ന്നത്. കൊയ്ത്ത് കഴിഞ്ഞു നെല്ല് ചാക്കുകളിലാക്കി സൂക്ഷിക്കാൻ തുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടു. കാലാവസ്ഥാ വ്യതിയാനത്തില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച വേളയിലും അധികച്ചെലവ് സഹിച്ചു കൃഷിയിറക്കിയ കര്‍ഷകരാണ് സ്വകാര്യ മില്ലുകാരുടെ നിലപാടില്‍ ദുരിതം പേറുന്നത്. ഗുണമേന്മ കുറഞ്ഞ നെല്ല് വൃത്തിയാക്കണമെന്നു മുന്‍ വര്‍ഷങ്ങളിലും മില്ലുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത്തവണ ഓരോ 50 കിലോയുടെ ചാക്കിനും 3 കിലോ വീതം കുറയ്ക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ക്കു വലിയ നഷ്ടം സൃഷ്ടിക്കുന്നത്. ഒരു കിലോ നെല്ലിനു സപ്ലൈകോ 28.32 രൂപ നല്‍കുന്നതെങ്കിലും മില്ലുകാരുടെ കടുംപിടുത്തം കാരണം നെല്ല് സൂക്ഷിക്കാന്‍ കഴിയാത്ത കര്‍ഷകര്‍ 18 രൂപയ്ക്ക് നെല്ല് വിറ്റഴൊഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. കാരാങ്കോട് സമിതിയില്‍ 200 ഏക്കര്‍ ഒന്നാം വിള കൃഷിയിറക്കിയിട്ടുണ്ട്. രണ്ടാം വിള ആരംഭിക്കാന്‍ സമയമായിട്ടും ഒന്നാം വിള നെല്ല് വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പല വീടുകളുടെയും വരാന്തയില്‍ നെല്ല് ചാക്കിലാക്കി കിടക്കുകയാണ്. സ്വകാര്യ മില്ലുകാരുടെ നടപടിയില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ യോഗം ചേര്‍ന്നു, സെക്രട്ടറി കെ.എസ്.സുധീഷ് അധ്യക്ഷനായി. പാഡി മാര്‍ക്കറ്റിങ് ഓഫിസറെ നേരില്‍ കണ്ടു പരാതി ബോധിപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.