പാലക്കാടിനായി പ്രത്യേക കാർഷിക പാക്കേജ് വേണം: കെ.മുരളീധരൻ
Mail This Article
പാലക്കാട് ∙ കാർഷികമേഖലയുടെയും കർഷകരുടെയും രക്ഷയ്ക്കായി പാലക്കാടിനു പ്രത്യേക കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇക്കാര്യങ്ങൾക്കായി ശബ്ദം ഉയർത്തുന്നത് യുഡിഎഫ് മാത്രമാണെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. കർഷക കോൺഗ്രസ് നടത്തിയ കർഷകരക്ഷാ ട്രാക്ടർ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെൽക്കർഷകരുടെ അവസ്ഥ പരിതാപകരമാണ്. സമയത്തു നെല്ലെടുക്കുന്നില്ല, സംഭരണവില കിട്ടുന്നില്ല. ഇതൊന്നും ചർച്ച ചെയ്യാനോ പരിഹാരം കാണാനോ ഭരണത്തിലുള്ള ഇടതുമുന്നണി തയാറാകുന്നില്ല. സഹകരണ ബാങ്കുകളാണ് കേരളത്തിലെ കർഷകരെ സഹായിച്ചു കൊണ്ടിരുന്നത്.
സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്കാക്കി മാറ്റി പിണറായി വിജയനും സർക്കാരും ആ സഹായമില്ലാതാക്കി. നെൽക്കർഷകർ സർക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ്. ഇറക്കിയതിന്റെ പകുതി തുക പോലും നെൽക്കൃഷിയിൽ നിന്നു കിട്ടാത്ത സ്ഥിതിയാണ്. കേരളം സ്വന്തം താങ്ങുവില ഓരോ വർഷവും കുറയ്ക്കുന്നു. കർഷകരുടെ വികാരം ശക്തമായി പറയാൻ യുഡിഎഫിനേ കഴിയൂ. പാവപ്പെട്ട കർഷകരുടെ വിഷയം ചർച്ച ചെയ്യുന്നതിനു പകരം കത്ത്, ട്രോളി, സ്പിരിറ്റ് എന്നിവയാണ് സിപിഎം കൊണ്ടു നടക്കുന്നത്. സ്പിരിറ്റ് കടത്തുന്നുണ്ടെങ്കിൽ പിടിക്കേണ്ടത് പ്രതിപക്ഷമല്ല, എക്സൈസും പൊലീസുമാണ്. ഇതേ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയല്ലേ എക്സൈസ് മന്ത്രി.
കർഷക പ്രേമിയെന്ന് അവകാശപ്പെടുന്ന കെ.കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴാണു കർഷക ആത്മഹത്യ ഉൾപ്പെടെ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിക്കു പിണറായിയുടെ മുഖത്തു നോക്കി ചോദിക്കാൻ ഭയമാണ്. യുഡിഎഫ് ജയിച്ചാൽ മാത്രമേ കർഷക ശബ്ദം നിയമസഭയിലും ലോക്സഭയിലും ഉയരൂ. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കർഷകരുടെ വിഷയങ്ങൾ ചർച്ച ചെയ്ത സ്ഥാനാർഥിയാണു താനെന്നും എന്നും കർഷകരുടെ ശബ്ദമായി നിലകൊള്ളുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഗവ. മെഡിക്കൽ കോളജ് പരിസരത്തു നിന്നാരംഭിച്ച മാർച്ചിൽ 120 ട്രാക്ടറുകൾ പങ്കെടുത്തു. കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിലൂടെ കടന്നു പോയ മാർച്ച് കൊടുന്തിരപ്പുള്ളിയിൽ സമാപിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ അധ്യക്ഷനായി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എഐസിസി സെക്രട്ടറി പി.വി.മോഹൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കോൺഗ്രസ് നേതാക്കളായ ബി.എ.അബ്ദുൽ മുത്തലിബ്, വി.ബാബുരാജ്, അജയ് തറയിൽ, ടോണി ചമ്മണി, പി.ബാലഗോപാൽ, പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി. സമാപനം സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ ഉദ്ഘാടനം ചെയ്തു. ഷാനിമോൾ ഉസ്മാൻ, സി.ചന്ദ്രൻ, എ.ഡി.സാബൂസ്, ജി.ശിവരാജൻ, ടി.സി.ഗീവർഗീസ്, കെ.സി.പ്രീത്, എം.കൃഷ്ണൻ, മോഹൻ കാഴ്ചപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.