സർക്കാർ നെൽക്കർഷകരെ വായ്പയുടെ കുരുക്കിലാക്കി: സുരേന്ദ്രൻ
Mail This Article
പാലക്കാട് ∙ രാജ്യത്തിന്റെ ഐക്യത്തിനായി കേന്ദ്രം കൊണ്ടുവരുന്ന ബില്ലുകൾക്കെതിരെ നിയമസഭയിൽ സംയുക്തപ്രമേയം പാസാക്കുന്ന എൽഡിഎഫും യുഡിഎഫും എന്തുകൊണ്ട് നെല്ലു സംഭരണ പ്രതിസന്ധി ഉൾപ്പെടെ കർഷകരുടെ വിഷയത്തിൽ അതു ചെയ്യുന്നില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ചോദിച്ചു. നെല്ലുസംഭരണം അട്ടിമറിക്കപ്പെട്ടു. കേന്ദ്രവിഹിതം ചില്ലിക്കാശും ബാക്കിയില്ലാതെ സംസ്ഥാനത്തിനു കൊടുക്കുന്നുണ്ട്. അതെങ്കിലും ആദ്യം കർഷകർക്കു നൽകുന്നതിനു പകരം സംസ്ഥാനം അതു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. കേന്ദ്രം താങ്ങുവില വർഷം തോറും വർധിപ്പിക്കുമ്പോൾ കേരളം കുറയ്ക്കുന്നു, കർഷകമോർച്ചയുടെ ട്രാക്ടർ റാലിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നെൽവില നൽകാൻ സംസ്ഥാന സർക്കാർ കർഷകരെ ബാങ്ക് വായ്പകളുടെ കുരുക്കിലാക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫിപറമ്പിലും അടിയന്തരപ്രമേയം കൊണ്ടുവന്നിട്ടില്ല. സഹികെട്ട കർഷകർ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പാഠംപഠിപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. മനുഷ്യനൊപ്പം മണ്ണിനെയും സംരക്ഷിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമെന്നും പ്രതിസന്ധിയിലായ കർഷകർക്കൊപ്പം പാർട്ടി ഉറച്ചുനിൽക്കുമെന്നും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പ്രസ്താവിച്ചു.
റാലി കണ്ണാടി പാത്തിക്കലിൽ കർഷകനും സിനിമാനടനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. പരിപാടികളിൽ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ അധ്യക്ഷനായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ. ജില്ലാപ്രസിഡന്റ് കെ.എം.ഹരിദാസ്, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്, പാർട്ടി സംസ്ഥാന വക്താക്കളായ ടി.പി. സിന്ധുമോൾ, ശങ്കു ടി.ദാസ്, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, ജില്ലാ പ്രസിഡന്റ് കെ.വേണു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ.രമേഷ്, കെ.സി.സുരേഷ്, വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ്, കർഷകമോർച്ച നേതാക്കളായ എസ്.ചന്ദ്രശേഖരൻ, എ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു