പ്രചാരണരംഗത്ത് കൂടുതൽ ഊർജത്തോടെ ഡോ.പി.സരിൻ
Mail This Article
പാലക്കാട് ∙ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിൽ സജീവമായി പ്രചാരണ രംഗത്താണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ. ഇന്നലെ മാത്തൂർ പഞ്ചായത്തിൽ നിന്നു പ്രചാരണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. അവിടെയെത്തിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള വോട്ടർമാരോട് കുശലം പറയുകയും ഒപ്പം വോട്ട് അഭ്യർഥന നടത്തുകയും ചെയ്തു. രാവിലെ മാത്തൂർ പഞ്ചായത്തിലെ പീടികത്തൊടിയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. പ്ലാക്കൽ, തെക്കുമുറി, പൊതിമഠം, ചെറുവള്ളിക്കാട്, അഞ്ചുകുളങ്ങര, കാടൂർ, കള്ളിക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി. തുടർന്ന് പിരായിരി പഞ്ചായത്തിലേക്കുള്ള പര്യടന യാത്രയ്ക്കിടെ വഴിയരികിൽ സ്ഥാനാർഥിയുടെ ചിത്രം വരച്ച് കാത്തു നിന്ന കുരുന്നുകളെ കണ്ട് കുശലം പറഞ്ഞ സരിൻ ആ സമ്മാനവും കൈപ്പറ്റിയാണ് സ്വീകരണ കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്.
പിരായിരി പഞ്ചായത്തിലെ പൊടിപ്പാറയിൽ നിന്ന് ആരംഭിച്ച പര്യടനം കുന്നുപ്പുറം, വടക്കേപ്പറമ്പ്, ഇല്ലത്തുപറമ്പ്, നെടുങ്ങോട്, ഇരുപ്പക്കാട്, ചരപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വേദാന്ത ആശ്രമം പരിസരത്ത് സമാപിച്ചു.കെജിഒഎ ഹാളിൽ നടന്ന യങ് പ്രഫഷനൽസ് മീറ്റിലും സ്ഥാനാർഥി പങ്കെടുത്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് അധ്യക്ഷനായി. എ.എ.റഹീം എംപി, എം.വി.നികേഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ, പ്രസിഡന്റ് ആർ.ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ, ഫവാസ്, മഹേഷ്, ശരത് ജോസ്, ദീപക് എന്നിവർ പങ്കെടുത്തു.