വടക്കഞ്ചേരി ടൗണിലെ ഇ–ടോയ്‌ലറ്റ് പ്രവർത്തിച്ചത് 5 മാസം; പണിമുടക്കിയിട്ട് 10 വർഷം
Mail This Article
വടക്കഞ്ചേരി∙ ടൗണിൽ ടിബി ജംക്‌ഷനിലുള്ള ഇ–ടോയ്‌ലറ്റ് പണിമുടക്കിയിട്ട് 10 വർഷം. പുത്തൻ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് 2014 ജൂൺ മാസമാണ് ചെറുപുഷ്പം സ്കൂളിന് മുൻപിൽ ടിബി ജംക്‌ഷനിലുള്ള ഇ–ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ഇ–ടോയ്‌ലറ്റ് പ്രവർത്തിച്ചത് വെറും 5 മാസം. പിന്നീട് പ്രശ്നങ്ങളായി. രണ്ട് വീട്ടമ്മമാർ ഉൾപ്പെടെ എട്ടുപേർ ഇ–ടോയ്‌ലറ്റിനുള്ളിൽ കുടുങ്ങി. ഇതോടെ പഞ്ചായത്ത് ഇടപെട്ട് പ്രവർത്തനം നിർത്തിച്ചു. ടോയ്‌ലറ്റ് നന്നാക്കാൻ പലരും എത്തിയെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ 2 ഇ–ടോയ്‌ലറ്റിൽ ഒന്ന് ജെസിബി ഉപയോഗിച്ച് പൊക്കിക്കൊണ്ടുപോയി. പിന്നീട് ഇത് തിരിച്ചെത്തിയില്ല. ബാക്കിയുള്ള ഒന്ന് ഇപ്പോഴും അടഞ്ഞു കിടക്കുന്നു.
മുൻ എംഎൽഎ എ.കെ.ബാലന്റെ വികസന ഫണ്ടിൽ നിന്നു 30 ലക്ഷം രൂപ ചെലവിട്ടാണ് ഇ–ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. ഇതോടൊപ്പം നിർമിച്ച ബസാർ റോഡും പൊട്ടിപ്പൊളിഞ്ഞു. തുടർന്ന് കോൺഗ്രസും സിപിഐയും പ്രതിഷേധിച്ച് രംഗത്ത് വന്നതോടെ റോഡ് കുഴിയടച്ച് നന്നാക്കി. പിന്നീട് റോഡ് തകർന്നത് റീ–ടാറിങ് നടത്തി. എന്നാൽ ഇ–ടോയ്‌ലറ്റ് മാത്രം നന്നാക്കിയില്ല. സ്കൂൾ വിദ്യാർഥികളും മംഗലം–ഗോവിന്ദാപുരം റൂട്ടിൽ പോകുന്ന യാത്രക്കാരും ആലത്തൂർ, പാലക്കാട്, മംഗലംഡാം ബസുകളിലെ യാത്രക്കാരും ഇവിടെയാണ് ബസ് കാത്ത് നിൽക്കുന്നത്.
ഇ–ടോയ്‌ലറ്റിന്റെ സ്വയം നിയന്ത്രിത സംവിധാനം മാറ്റി സാധാരണ ശുചിമുറി ഇവിടെ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ പഞ്ചായത്ത് ഇത് കണ്ടഭാവം നടിക്കുന്നില്ല. ശുചിമുറി നിർമിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പറഞ്ഞു.