കാടുകയറാതെ മോഴയാന; കർഷകർ ആശങ്കയിൽ
Mail This Article
നെന്മാറ ∙ കാടുകയറാൻ കൂട്ടാക്കാതെ മോഴയാന വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വ്യാപക നാശംവരുത്തി. ഇന്നലെ രാവിലെ കരിമ്പാറ വടക്കൻചിറയിൽ ജോർജിന്റെ തൊഴുത്ത് തകർത്തു. വിറളിപൂണ്ട പശു കയർപൊട്ടിച്ച് ഓടി. കോപ്പൻകുളമ്പ് റോഷി ജോണിയുടെ 30 വാഴകൾ, മോഹനകൃഷ്ണന്റെ ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു. മോഹനകൃഷ്ണന്റെ വീട്ടുവളപ്പിൽ എത്തുന്നത് ഇതു മൂന്നാം തവണയാണ്. ഇന്നലെ അതിരാവിലെ കാട്ടാനയെ കണ്ട ടാപ്പിങ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി ആനയെ വീട്ടുവളപ്പുകളിൽ നിന്നു തുരുത്തി.
പിന്നീട് ഒരു കിലോമീറ്റർ അകലെ കൽച്ചാടി പുഴയുടെ സമീപത്ത് ആന നിലയുറപ്പിച്ചു. പിന്നീട് ബാലചന്ദ്രൻ, ചെന്താമരാക്ഷൻ എന്നിവരുടെ റബർ തോട്ടങ്ങളിലൂടെ കൽച്ചാടി കോളനി റോഡിലേക്കു കയറി. രാവിലെ ആനയുടെ സാന്നിധ്യമറിഞ്ഞ നാട്ടുകാർ ജാഗ്രത പാലിച്ചു. ഒരാഴ്ച മുൻപ് മണലൂർ ചള്ളയിൽ ഇതേ മോഴയാനയെ കണ്ട് ഓടി വീണു പരുക്കേറ്റ രണ്ട് ടാപ്പിങ് തൊഴിലാളികൾ ഇപ്പോഴും ചികിത്സയിലാണ്. തിങ്കളാഴ്ച പോത്തുണ്ടിയിൽ കണ്ട മോഴയാന പിന്നീട് തളിപ്പാടം, കരിമ്പാറ, ചേവിണി, കൽച്ചാടി, കോപ്പൻകുളമ്പ്, ചള്ള ഭാഗങ്ങളിൽ തുടർച്ചയായി എത്തുന്നതിനാൽ ജനങ്ങൾ വലിയ ഭീതിയിലാണ്.