പട്ടാമ്പി–കുളപ്പുള്ളി റോഡ് നവീകരണം: പണി നീളുന്നതിനാൽ ഗതാഗത നിരോധനവും നീളുന്നു
Mail This Article
പട്ടാമ്പി ∙ ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടുള്ള റോഡ് നവീകരണം യാത്രക്കാരെ വലയ്ക്കുന്നു. പട്ടാമ്പി – കുളപ്പുള്ളി റോഡ് നവീകരണത്തിനാണ് ഇടയ്ക്കിടെ റോഡിൽ ഗതാഗതം നിരോധിക്കുന്നത്. ഓങ്ങല്ലൂരിനും പട്ടാമ്പിക്കുമിടയിലാണ് ഇപ്പോൾ റോഡ് വീതി കൂട്ടിയുള്ള നവീകരണം പുരോഗമിക്കുന്നത്. പട്ടാമ്പി–കുളപ്പുള്ളി പാതയിൽ ഓങ്ങല്ലൂരിനും പട്ടാമ്പിക്കുമിടയിൽ റോഡ് ടാറിങ് നടക്കുന്നതിനാൽ റോഡിൽ ഗതാഗതം കഴിഞ്ഞ 4 ദിവസമായി നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനകം പണി തീർക്കുമെന്നും രണ്ട് ദിവസം ഗതാഗതം നിരോധിക്കുമെന്നുമാണ് ആദ്യം അറിയിച്ചതെങ്കിലും പണി നീളുന്നതിനാൽ ഗതാഗത നിരോധനവും നീളുകയാണ്.
ഓങ്ങല്ലൂർ എസ്ബിഐ ശാഖയ്ക്ക് മുൻവശത്തു നിന്ന് റോഡ് ടാറിങ് ആരംഭിച്ചെങ്കിലും ഓങ്ങല്ലൂർ സെന്ററിൽ നിന്നി ഓങ്ങല്ലൂർ പാടം വരെ എത്തിച്ച് ടാറിങ് നിർത്തി. ഇടയ്ക്ക് മഞ്ഞളുങ്ങലിലും ടാറിങ് നടത്താനുണ്ട്. ഓർച്ചാഡ് പരിസരത്ത് നിന്ന് തുടങ്ങി പട്ടാമ്പി നഗരസഭ ഭാഗത്താണിപ്പോൾ പണി പുരോഗമിക്കുന്നത്. തുടർച്ചയായി പണി നടക്കാതിരിക്കുകയും റോഡ് പണിയുടെ പേരിൽ ഇടയ്ക്കിടെ ഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്യുന്നത് ഇതുവഴിയുള്ള യാത്രക്കാരെ വലയ്ക്കുന്നതായി പരാതിയുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികളെല്ലാം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ യാത്ര ചെയ്യാൻ കഴിയാതെ വിഷമിക്കുകയാണ്.
ഓങ്ങല്ലൂരിൽ നിന്നു വാഹനങ്ങൾ പുലാശ്ശേരിക്കര വഴി മരുതൂരിലൂടെയാണിപ്പോൾ പോകുന്നത്. വീതി കുറഞ്ഞ റോഡിലൂടെ കുടുതൽ വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെ ഓങ്ങല്ലൂർ – മരുതൂർ റോഡിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. പട്ടാമ്പിയിൽ നിന്ന് ഓങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസുകളും ലോറികളും അടക്കമുള്ള വാഹനങ്ങളെല്ലാം വീതി കുറഞ്ഞ മരുതൂർ പലാശ്ശേരിക്കര റോഡിലൂടെ പോകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. റോഡ് അടയ്ക്കുമ്പോൾ യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രാത്രിയിലും പകലും ഒരുപോലെ പണി നടത്തി വേഗത്തിൽ തീർക്കണമെന്നാണ് റോഡിലെ സ്ഥിരം യാത്രക്കാരുടെ ആവശ്യം. പട്ടാമ്പി കുളപ്പുള്ളി പാതയിൽ കുളപ്പുള്ളി ചുവന്ന ഗേറ്റ് മുതൽ പട്ടാമ്പി നിള ആശുപത്രി വരെയുള്ള 11 കിലോ മീറ്റർ റോഡാണ് കിഫ്ബി പദ്ധതിയിൽ 85 കോടി രൂപ ചെലവിൽ വീതി കൂട്ടി നവീകരിക്കുന്നത്.
നേരത്തെ കുളപ്പുള്ളി ചുവന്ന ഗേറ്റിൽ നിന്നു തുടങ്ങിയ റോഡ് പണി വാടനാംകുറുശി ഗേറ്റ് വരെ പണി തീർത്തു. വാടനാംകുറുശി റെയിൽവേ ഗേറ്റ് മുതൽ സ്കൂൾ വരെ പാടത്ത് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാത്തതിനാൽ റോഡ് വീതി കൂട്ടാനായിട്ടില്ല. വാടനാംകുറുശി സ്കൂൾ മുതൽ ഓങ്ങല്ലൂർ എസ്ബിഐ വരെയും റോഡ് നവീകരണം പൂർത്തിയായിട്ടുണ്ട്. ഓങ്ങല്ലൂർ സെന്ററിൽ കഴിഞ്ഞ ദിവസം റോഡ് വീതി കൂട്ടി ടാർ ചെയ്തെങ്കിലും ഓങ്ങല്ലൂർ പാടത്ത് റോഡ് വീതി കൂട്ടാൻ സ്ഥമേറ്റെടുപ്പ് പൂർത്തിയാക്കാൻ കഴിയാത്തിനാലും മഞ്ഞളുങ്ങലിൽ ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ പൂർത്തീകരിക്കാത്തതും ഇവിടങ്ങളിലെ പണിക്ക് തടസമായിരിക്കയാണ്.
റോഡ് പണി പട്ടാമ്പി നഗരസഭയിലേക്ക് കടന്നതായും മേലെ പട്ടാമ്പി പാലക്കാട് റോഡ് ജംക്‌ഷൻ വരെ വരെ പണി തീർത്തതിന് ശേഷം ടൗണിലേക്ക് പ്രവേശിക്കുമെന്നും മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. സ്ഥല ലഭ്യതയ്ക്കനുസരിച്ച് 15 മീറ്റർ വീതിയിലും അല്ലാത്തിടത്ത് ചുരുങ്ങിയത് 10 മീറ്റർ വീതിയും ഉറപ്പാക്കിയാണ് റോഡ് നവീകരണം പുരോഗമിക്കുന്നത്. ടൗണിൽ കയ്യേറ്റങ്ങൾ എല്ലാ ഒഴിപ്പിച്ച് റോഡിനാവശ്യമായ വീതി ഉറപ്പാക്കിയതിന് ശേഷമായിരിക്കും റോഡ് നവീകരണമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റോഡ് നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു.