ചപ്പക്കാട്ടെ 2 യുവാക്കളുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊർജിതം
Mail This Article
മുതലമട ∙ ചപ്പക്കാട്ടെ 2 യുവാക്കളുടെ തിരോധാനത്തിന്റെ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. 2021 ഓഗസ്റ്റ് 30നു ചപ്പക്കാട് നിന്നു കാണാതായ സ്റ്റീഫൻ എന്ന സാമുവൽ(28), ആദിവാസിയായ മുരുകേശൻ(26) എന്നിവരുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പി കെ.സി.വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ചപ്പക്കാട് എത്തി പ്രത്യേക സൂചനകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇവരെ കാണാതായതു മുതൽ കൊല്ലങ്കോട് പൊലീസും ക്രൈംബ്രാഞ്ചും ചേർന്നു നടത്തിയ ബഹുമുഖ അന്വേഷണത്തിൽ ഇവരെക്കുറിച്ചുള്ള ഒരു സൂചനയും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇതിനിടെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം 2021 ഓഗസ്റ്റ് 30നു ഇരുവരെയും കാണാതായ ചപ്പക്കാട് വീണ്ടും എത്തി വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. യുവാക്കളെ കാണാതായതിന് ഏറെ അകലെയല്ലാതെ ചപ്പക്കാട് ആലാംപാറയിൽ നിന്നു 2022 ഫെബ്രുവരി 12നു മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയിരുന്നു. തലയോട്ടിയിൽ നിന്നു ഡിഎൻഎ വേർതിരിക്കാനുള്ള ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലം അന്വേഷണത്തിനു സഹായകമായിരുന്നില്ല.
എൻഎസ്ജി ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഘ്രാണ ശേഷിയുള്ള ബെൽജിയൻ മെലിനോയ്സ് വിഭാഗത്തിൽപെട്ട നായ്ക്കളുമായി രണ്ടു തവണ നടത്തിയ പരിശോധനകളിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സർജനായിരുന്ന ഡോ.പി.ബി.ഗുജ്റാൾ നേരിട്ടു ചപ്പക്കാട് എത്തി ചില പരിശോധനകൾ നടത്തിയിരുന്നു. പൊലീസ് നൂറു കണക്കിന് ആളുകളെ ചോദ്യം ചെയ്തിട്ടും ഫലം നിരാശാജനകമായിരുന്നു.