ലഹരിമരുന്നു വിൽപന: 5 പേർ അറസ്റ്റിൽ; ‘മാജിക് മഷ്റൂം’ ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ലഹരിമരുന്നു പിടികൂടി
Mail This Article
കോയമ്പത്തൂർ∙ ലഹരി മരുന്നായ ‘മാജിക് മഷ്റൂം,’ കഞ്ചാവ് ഉൾപ്പെടെ വിതരണം നടത്തുന്ന ശൃംഖലയിലെ 5 പേരെ കോയമ്പത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 589 ഗ്രാം മാജിക് മഷ്റൂം,1.25 കിലോ കഞ്ചാവ് എന്നിവ കണ്ടെത്തി. കോയമ്പത്തൂർ പേരൂർ സബ് ഡിവിഷനിൽ പെട്ട ആലാന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇക്കരബോലുവാം പട്ടിയിൽ നിന്ന് ഇരുചക്രവാഹനത്തിൽ കഞ്ചാവുമായി എത്തിയ ആലാന്തുറ സ്വദേശികളായ സി.പ്രസാദ് (30), കെ.ശരവണ കുമാർ (26) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ വിവരം ലഭിച്ചത്.
തൊണ്ടാമുത്തൂർ ദീനംപാളയം ഭാഗത്ത് ഒളിച്ചു താമസിക്കുകയായിരുന്ന പിഎൻ പുതുർ സ്വദേശി എം.അമരൻ ( 30), കർണാടക സ്വദേശി പി.ജോനാഥൻ സതീഷ് (31), സായിബാബ കോളനി സ്വദേശി എച്ച്.നിഷാന്ത് (23) എന്നിവരെ കണ്ടെത്തി. ഇവരുടെ പക്കൽ നിന്ന് 12,90,000 രൂപ വിലവരുന്ന മാജിക് മഷ്റൂം, 13 കിലോ സംസ്ഥാനത്ത് നിരോധിച്ച ഗുഡ്‌കയും പിടിച്ചെടുത്തു. 4 ഇരുചക്ര വാഹനങ്ങൾ, 6 സെൽ ഫോണുകൾ, 2 ലാപ്ടോപ്, നോട്ട് എണ്ണുന്ന യന്ത്രം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചു. ലഹരി കടത്ത് സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പൂർണമായും പിടികൂടിയ ഡിവൈഎസ്പി ശിവകുമാർ, ആലാന്തുറ ഇൻസ്‌പെക്ടർ കുമാർ, എസ്ഐ കവിയരസൻ, പൊലീസുകാരായ കാളിശ്വരൻ, ശരവണൻ, അറിവ് നിധി, ഖാദർ, സുരേഷ് എന്നിവരെ ജില്ലാ പൊലീസ് മേധാവി ഡോ. കെ.കാർത്തികേയൻ ഉപഹാരം നൽകി അനുമോദിച്ചു. ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ 7708100100 എന്ന വാട്സാപ് നമ്പറിൽ അറിയിക്കാം.