പാലക്കാടിന്റെ മിടിപ്പു നോക്കി, മരുന്നു പറഞ്ഞ് ഡോ.സരിൻ
Mail This Article
പാലക്കാട് ∙ നാഡിമിടിപ്പു നോക്കി ഡോക്ടർ ആരോഗ്യം വിലയിരുത്തുന്നതുപോലെ ജനത്തിന്റെ മനസ്സറിഞ്ഞും വിലയിരുത്തിയുമാണ് എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ വോട്ടർമാരെ സമീപിക്കുന്നത്. പാലക്കാട് വല്ലാത്തൊരു വികസന മുരടിപ്പിലാണെന്നു പറയുന്ന സ്ഥാനാർഥി അതിന്റെ കാരണവും രാഷ്ട്രീയമരുന്നും വോട്ടർമാരോടു ചുരുക്കി വിവരിക്കുന്നു. വോട്ടർമാരെ പുതിയ രാഷ്ട്രീയസാഹചര്യം വേഗത്തിൽ ബോധ്യപ്പെടുത്തി സമയബന്ധിതമായാണു പര്യടന പരിപാടി. സ്വയം പരിചയപ്പെടുത്തലിനൊപ്പം, സ്റ്റെതസ്കോപ്പ് ചിഹ്നവും വോട്ടിങ് മെഷീനിലെ തന്റെ സ്ഥാനവും ആവർത്തിക്കാൻ മറക്കുന്നില്ല. ഡോക്ടർ പരിശോധിക്കുന്ന രീതി കാണിച്ചാണു ചിഹ്നം അവതരിപ്പിക്കുന്നത്.
കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിനു സമീപം അഗ്രഹാരത്തെരുവിൽ ‘കോഫി വിത്ത് സരിൻ’ എന്ന പരിപാടിയോടെയായിരുന്നു പര്യടന തുടക്കം. അഗ്രഹാരവഴിയിൽ പ്രവർത്തകർക്കൊപ്പം വോട്ടർമാരെ നടന്നുകണ്ടു. നാട്ടുവിശേഷങ്ങളിലൂടെ രാഷ്ട്രീയകാര്യങ്ങൾ പങ്കുവച്ചു. എന്തുകൊണ്ട് പാലക്കാട് എൽഡിഎഫ് വിജയിക്കണം എന്നു വിശദീകരിച്ചു. പിന്നെ, ഒലവക്കോട് ജംക്‌ഷനിൽ. അവിടെ കാത്തുനിന്നിരുന്ന സിപിഎം, സിഐടിയു, സിപിഐ പ്രവർത്തകർ സ്ഥാനാർഥിയുമായി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും നടന്നു. സിപിഎം പ്രവർത്തകൻ ജ്യോതിയുടെ വീട്ടിൽ പ്രഭാതഭക്ഷണം. ചായയും പത്തിരിയും കഴിക്കുന്നതിനിടെ അടുത്ത സ്ഥലത്തു കാത്തുനിൽക്കുന്നവരുടെ വിളിയിൽ കഴിക്കൽ നിർത്തി എഴുന്നേറ്റു.
വീടിന്റെ മുൻപിൽ കാത്തുനിന്ന ആറുവയസ്സുകാരി മിസരിയ താൻ വരച്ച, ചിഹ്നത്തിന്റെ ചിത്രം സരിനു സമ്മാനിച്ചു. സായി ജംക്‌ഷനിലെ ഫ്ലാറ്റിലെ താമസക്കാർക്കടുത്തെത്തി. ഇടയിൽ ജില്ലാ ആശുപത്രിയിലെ ഡോക്ടറുമായി പരിചയം പുതുക്കൽ. പര്യടനത്തിന്റെ തുടക്കം മുതൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ ഒപ്പമുണ്ട്.
ഇതുവരെയുള്ള പര്യടനം എങ്ങനെ വിലയിരുത്തുന്നു?. ‘‘ഡോക്ടറെന്ന നിലയിൽ മണ്ഡലത്തിലെ രോഗപരിശോധനകൂടി നടത്തുന്നു. രോഗിയാകാൻ മണ്ഡലം ഇഷ്ടപ്പെടുന്നില്ലെന്നു വ്യക്തമായി. രോഗപ്രതിരോധത്തിനു ജനം തയാറെടുത്തുകഴിഞ്ഞു. എൽഡിഎഫിന്റെ വിജയമാണു പ്രതിരോധമരുന്ന് എന്ന് അവർ തിരിച്ചറിഞ്ഞു. അതിന്റെ ഫലം തിരഞ്ഞെടുപ്പിലുണ്ടാകും. കോൺഗ്രസിന്റെയും ബിജെപിയുടെയും വർഗീയ – സാമുദായിക അജൻഡ ഇത്തവണ വിലപ്പോകില്ല. വികസനവിരുദ്ധ സമീപനത്തിനും തിരിച്ചടി നേരിടും.’’ വിവിധ പ്രശ്നങ്ങളിൽ എൽഡിഎഫിന്റെ പരിഹാരനിർദേശങ്ങൾ സ്ഥാനാർഥി അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ സംശയക്കാർക്കും വിശദീകരണം നൽകുന്നു. വികസനപദ്ധതികളിലെ വീഴ്ച ഊന്നിപ്പറയുന്നുണ്ട്.
നടക്കുന്നുണ്ട്, എല്ലായിടത്തും എത്തുന്നുണ്ട് !
വാഹനപര്യടനത്തിനിടയിൽ, വിട്ടുപോയ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി വോട്ടുറപ്പിക്കൽ ഇനി പ്രധാനം. കാറു പോകാത്തിടത്ത് ഏറെ ദൂരം നടന്നും നാട്ടുകാരുടെയും പ്രവർത്തകരുടെയും സ്കൂട്ടറിൽ കയറിയും എല്ലായിടത്തും എത്തിയെന്ന് ഉറപ്പാക്കുന്നുണ്ട്. ഒലവക്കോട് സഹകരണ കോളജിനു സമീപം ശ്രീശക്തി മുരുകൻ ക്ഷേത്രത്തിൽ അൽപനേരം.
സ്ഥാനാർഥിക്കു മുൻപിൽ നിർത്തിയ സ്കൂൾ ഒാട്ടോറിക്ഷയിലെ കുട്ടികളോടു ചോദിച്ചു സരിന്റെ ചിഹ്നമെന്താണ്? മറുപടി പറഞ്ഞ കുട്ടികളോട് വീട്ടിൽ രക്ഷിതാക്കളെയും ഇത് ഒാർമിപ്പിക്കണേ എന്ന് അഭ്യർഥിച്ച് ഗവ. എൽപി സ്കൂളിലെത്തിയപ്പോൾ ശിശുദിനപരിപാടിക്ക് ഒരുങ്ങി വിദ്യാർഥികൾ. കുട്ടികളുടെ പ്രധാനമന്ത്രിയും ചാച്ചാജിയും സ്ഥാനാർഥിയെ വരവേറ്റു. ശിശുദിനാശംസകൾ നേർന്ന് ജൈനിമേട് തോട്ടവും സന്ദർശിച്ച് അതിവേഗം പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലേക്ക്. രഥം വലിക്കൽ ചടങ്ങിൽ പങ്കാളിയായി. മടങ്ങുമ്പോൾ വാഹനത്തിലിരുന്നു മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സിപിഎമ്മിൽ ചേർന്ന വാർത്ത കേട്ടു. നിശ്ചയിച്ചതിലും അൽപം വൈകിയാണു പ്രസ് ക്ലബ്ബിൽ മീറ്റ് ദ് കാൻഡിഡേറ്റ് പരിപാടിക്ക് എത്താനായത്.