പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് മരണം; ഒരാൾ അറസ്റ്റിൽ
Mail This Article
വാളയാർ ∙ കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് കർഷകനും മകനും പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൂട്ടു പ്രതിക്കായി പൊലീസ് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. കിഴക്കേ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി ശിവനാണു (ആനശിവൻ–45) സ്റ്റേഷനിൽ കീഴടങ്ങിയത്. ശിവന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ രാത്രി അപകടം നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പു പൂർത്തിയാക്കി. ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുമെന്നു വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. പ്രതികൾക്കെതിരെ നിലവിൽ നരഹത്യയ്ക്കാണു കേസെടുത്തിട്ടുള്ളത്. കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നും വിവരമുണ്ട്.
ഇന്നലെ സ്ഥലത്തു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പന്നിയിറച്ചി ലക്ഷ്യമിട്ടാണു കാഡ കനാലിൽ കെണി വച്ചതെന്നു പ്രതികൾ സമ്മതിച്ചെന്നാണു പൊലീസ് നൽകിയ വിവരം. പ്രതികൾക്കു കൃഷിയില്ല. മാസങ്ങളായി സമാനമായി രീതിയിൽ ഇലക്ട്രിക് വയറുകൾ കൊണ്ടു കെണിയൊരുക്കി പ്രദേശത്ത് ഈ സംഘം കാട്ടുപന്നിവേട്ട നടത്തിയിരുന്നെന്നാണു പൊലീസിന്റെ കണ്ടെത്തൽ. സംഭവ ദിവസം വൈകിട്ട് അഞ്ചോടെയാണ് ഈ സംഘം ഇവിടെ കെണി ഒരുക്കിയത്. സംഭവം നടന്ന പ്രദേശത്ത് ഒരു ഭാഗത്തു തെങ്ങിൻതോപ്പും മറു ഭാഗത്തു നെൽപാടവുമാണ്.
ഇതിനു നടുവിലൂടെയാണു കാഡ കനാൽ പോവുന്നത്. ഇരു കൃഷിയിടത്തിലും പന്നികളെത്താറുണ്ട്. കനാൽ വെള്ളം കുടിക്കാനെത്തുന്ന പന്നികളെ ലക്ഷ്യമാക്കിയാണ് ഇലക്ട്രിക് വയറുകൾ ഘടിപ്പിച്ചു കെണി ഒരുക്കിയത്. കനാലിലൂടെ 150 മീറ്ററോളം ഇലക്ട്രിക് വയർ വലിച്ച് ഇതിന്റെ മറുഭാഗം 230 വോൾട്ട് എൽടി ലൈനിൽ ഹുക്ക് ഉപയോഗിച്ചു വലിച്ചെറിഞ്ഞു കോർത്ത നിലയിലായിരുന്നു. സമീപത്തെ തോട്ടത്തിലെ മോട്ടർ പുരയിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്നാണ് കെണിയൊരുക്കാൻ വൈദ്യുതി എടുത്തിരുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നത് അന്വേഷിക്കുകയാണെന്ന് ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജെയ്സൻ എന്നിവർ അറിയിച്ചു.
കണ്ണീരോർമയായി മോഹനനും അനിരുദ്ധും
അട്ടപ്പള്ളം ∙ നാടിന്റെ കണ്ണീരോർമയായി പിതാവും മകനും. കിഴക്കേ അട്ടപ്പള്ളത്ത് പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ച മാകാളിക്കാട് സ്വദേശി മോഹനനും മകൻ അനിരുദ്ധിനും നാട് വിടചൊല്ലി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ഇരുവരെയും അവസാനമായി ഒരു നോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടി, വി.കെ.ശ്രീകണ്ഠൻ എംപി, എ.പ്രഭാകരൻ എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറി എസ്.കെ.അനന്തകൃഷ്ണൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഉച്ചയ്ക്കു ശേഷം മൃതദേഹങ്ങൾ കഞ്ചിക്കോട് വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
പരിശോധന ഊർജിതമാക്കുമെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം
വാളയാർ ∙ പന്നിക്കെണിയിൽ നിന്നു പിതാവും മകനും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യുതി മോഷണം, അപകടകരമായും അനധികൃതമായും വൈദ്യുതി ലൈൻ വലിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. സ്ഥലത്ത് പരിശോധന നടത്തിയ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം വിശദമായ റിപ്പോർട്ട് പൊലീസിനു കൈമാറും. ഇവരുടെ റിപ്പോർട്ട് പ്രകാരം പൊലീസ് കൂടുതൽ കേസുകൾ പ്രതികൾക്കെതിരെ ചുമത്തും.
നെൽപാടങ്ങളിലും കൃഷിയിടങ്ങളിലും പ്രത്യേക നിർദേശ പ്രകാരവും മാനദണ്ഡങ്ങൾ പാലിച്ചും സ്ഥലത്ത് പരിശോധന നടത്തിയും സോളർ ഫെൻസിങ്ങിന് അനുമതി നൽകുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള പന്നിക്കെണി ഒരുക്കുന്നത് വ്യാപകമാവുന്നുണ്ടെന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം പറയുന്നത്. ജില്ലയിൽ 2 വർഷത്തിനിടെ 13 പേരാണു പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റു മരിച്ചത്. ജില്ലയിൽ അപകടം വർധിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എം.ജയപ്രകാശ്, ഉദ്യോഗസ്ഥരായ എ.ഉല്ലാസ്, പി.നൗഫൽ എന്നിവരടങ്ങിയ സംഘമാണു കിഴക്കേ അട്ടപ്പള്ളത്ത് പരിശോധന നടത്തിയത്.