‘വ്യാജവോട്ടർ ആരോപണം കളവ്’, സതീശനെ വെല്ലുവിളിച്ച് സരിൻ
Mail This Article
പാലക്കാട് ∙ വോട്ടർപട്ടികയിലെ ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയാറാക്കുന്നു. പാലക്കാട് നിയോജക മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടുള്ളവരുടെ പട്ടികയാണു തയാറാക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ തന്നെ രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർക്ക് ഒരിടത്തു വോട്ടു ചെയ്യാം. ഇത്തരത്തിലുള്ളവരുടെ പട്ടികയും പ്രത്യേകമായി തയാറാക്കുന്നുണ്ട്. ഇതു പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറും. രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തി തിരഞ്ഞെടുപ്പു കമ്മിഷന്റെ മൊബൈൽ ആപ്പിൽ അപ്‍ലോഡ് ചെയ്യും. സത്യവാങ്മൂലവും എഴുതിവാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേരു പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും.
മറ്റു മണ്ഡലത്തിലേത് ഒഴിവാക്കുമെന്നു കലക്ടർ പറഞ്ഞു.പാലക്കാട് മണ്ഡലത്തിലെ ഇരട്ടവോട്ട് കണ്ടെത്താൻ തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടർ, പാലക്കാട് താലൂക്ക് തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ഇന്നു പൂർത്തിയാകും. ബൂത്ത് ലവൽ ഓഫിസർമാരിൽ നിന്നും ഏജന്റുമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സംശയമുള്ള വോട്ടർമാരുടെ വീടുകളിൽ ബിഎൽഒമാർ ഇന്നലെ വീണ്ടും സന്ദർശനം നടത്തി.2700 വ്യാജവോട്ടുണ്ടെന്നാണു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ പരാതി. അതേസമയം, ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാലക്കാട് മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതു 437 പേരാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സോഫ്റ്റ്‌വെയറിനും അബദ്ധം പറ്റാം
വോട്ടർപട്ടികയിൽ ഇരട്ടവോട്ട് കടന്നുകൂടിയ സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സോഫ്റ്റ്‌വെയറിലും (ERO-Net) അബദ്ധം പറ്റാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒരേ ആളുടെ ഫോട്ടോയും പേരും ആവർത്തിച്ചാൽ ഡി ഡ്യൂപ്ലിക്കേഷൻ സംവിധാനത്തിലൂടെ കണ്ടെത്താനാകും. വോട്ടർ ഫോട്ടോയും മേൽവിലാസവും മാറ്റാൻ അപേക്ഷ നൽകുമ്പോഴാണു ചിലപ്പോൾ സോഫ്റ്റ്‌വെയറിന് അബദ്ധം സംഭവിക്കുക. സെർവർ തകരാറും സാങ്കേതികപ്രശ്നങ്ങളും കാരണം ചിലപ്പോൾ വോട്ടറുടെ വിവരങ്ങൾ ആവർത്തിക്കുമെന്നാണു വിദഗ്ധരുടെ വിശദീകരണം. മേൽവിലാസം മാറ്റുമ്പോൾ വോട്ടർ ബൂത്ത് ലവൽ ഓഫിസർക്കു നൽകുന്ന തെറ്റായ വിവരങ്ങൾ കാരണവും ഇരട്ടവോട്ട് പ്രശ്നം വരാം.
‘വ്യാജവോട്ടർ ആരോപണം കളവ്’, സതീശനെ വെല്ലുവിളിച്ച് സരിൻ
പാലക്കാട് ∙ താനും ഭാര്യയും വ്യാജവോട്ടറാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വീടിന്റെ രേഖകൾ സഹിതം കാണിച്ചു വെല്ലുവിളിച്ച് ഇടതുസ്ഥാനാർഥി ഡോ.പി.സരിൻ. തനിക്കെതിരായ ആരോപണം കളവാണെന്നു മനസ്സിലാക്കാൻ പ്രതിപക്ഷ നേതാവിനു വീട്ടിലേക്കും വരാം. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു തുടർന്നാൽ നിയമനടപടി സ്വീകരിക്കും.മണ്ഡലത്തിൽ വ്യാപകമായ വ്യാജവോട്ടുണ്ടെന്ന സിപിഎമ്മിന്റെ വാദത്തിനു മറുപടിയായി സ്ഥാനാർഥിയും ഭാര്യയും വ്യാജരാണ് എന്ന രീതിയിൽ പ്രചാരണം നടത്തിയതു രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. 2018ൽ തന്റെ പേരിൽ വീടു വാങ്ങിയതിന്റെ രേഖകൾ ഡോ.സൗമ്യ സരിൻ മാധ്യമങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചു. ഏറെ മോഹിച്ചാണു കാടാങ്കോട് ചിന്താനഗറിലെ വീടു വാങ്ങിയത്.
വോട്ടറാണെന്നതിൽ അഭിമാനിക്കുന്നയാളാണ്. സ്വന്തം വീടിന്റെ വിലാസത്തിൽ വോട്ടുചേർത്ത തങ്ങളെ വ്യാജരെന്നു വിളിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെ എതിർക്കുന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല. ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴച്ചാൽ ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും സൗമ്യ പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഇരട്ടവോട്ടും തന്റെ വോട്ടും താരതമ്യം ചെയ്യരുതെന്നു ഡോ.സരിൻ പറഞ്ഞു. തിരുവില്വാമലയിൽ ജനിച്ച താൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒറ്റപ്പാലത്തു വോട്ട് ചേർത്തു.പാലക്കാട്ടെ സ്വന്തം വീടിന്റെ വിലാസത്തിലാണ് ഇപ്പോൾ വോട്ടു ചേർത്തത്. ഈ വീട് മറ്റൊരാൾക്കു വാടകയ്ക്കു കൊടുത്തതിനാൽ തൊട്ടപ്പുറത്താണു വാടകയ്ക്ക് താമസിക്കുന്നത്. നിയമം അനുശാസിക്കുന്ന രീതിയിലാണു വോട്ടു ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വോട്ട്: ബിഎൽഒമാർക്കെതിരെ കേസെടുക്കണമെന്ന് ഇ.എൻ.സുരേഷ് ബാബു
പാലക്കാട് ∙ വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തതിനു ബൂത്ത് ലെവൽ ഓഫിസർമാർക്കെതിരെ കേസെടുക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. ബിഎൽഒമാരെ സ്വാധീനിച്ചാണു കോൺഗ്രസും ബിജെപിയും 2,700 വ്യാജ വോട്ടർമാരെ ചേർത്തിട്ടുള്ളത്. വ്യാജ വോട്ട് പരാതിയിൽ കലക്ടർ പരിശോധനയ്ക്കു നിർദേശിച്ചതു സ്വാഗതം ചെയ്യുന്നു. പക്ഷേ, പരിശോധന പ്രഹസനമാകരുത്. വ്യാജ വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ നിയമപരമായി നേരിടുമെന്നും ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
‘കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു’
പാലക്കാട് ∙ വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയ സംഭവത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞത്. കോൺഗ്രസുമായി ബിജെപിക്ക് ഡീൽ ഉള്ളതിനാൽ ഒരു കേന്ദ്ര ഏജൻസിയും വരാൻ പോകുന്നില്ല. സുരേന്ദ്രന് എന്തെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെ കൊണ്ടുവരണമെന്നും സനോജ് പറഞ്ഞു.
ആരോപണം ആവർത്തിച്ച് വി.ഡി.സതീശൻ
പാലക്കാട് ∙ ഇടതുസ്ഥാനാർഥി ഡോ.പി.സരിനും ഭാര്യയും പാലക്കാട് മണ്ഡലത്തിൽ വോട്ടു ചേർത്തതു വ്യാജമായാണെന്ന ആരോപണം ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സരിൻ പാലക്കാട് താമസിക്കാൻ തുടങ്ങിയിട്ടു 3 മാസംപോലും ആയിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ അദ്ദേഹം താമസിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പു നടക്കുമെന്ന് ഉറപ്പായ ശേഷം പാലക്കാടുകാരനാണെന്നു കാണിക്കുന്നതിനു വേണ്ടിയാണു വോട്ടു ചേർത്തത്. സ്ഥാനാർഥി ഇവിടെ ഇല്ലാത്ത ആളാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ബിജെപി ജില്ലാ പ്രസിഡന്റും അതു തന്നെയാണു ചെയ്തത്. തങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ബിജെപി ഭരിക്കുന്ന നഗരസഭയാണു വോട്ടു ചേർക്കാൻ സരിനു റസിഡൻസ് സർട്ടിഫിക്കറ്റ് നൽകിയത്. ആറു മാസം താമസിച്ചാൽ മാത്രമേ റസിഡൻസ് സർട്ടിഫിക്കറ്റ് നൽകാവൂ. കോൺഗ്രസിൽ സീറ്റ് ചോദിക്കുന്ന സമയത്ത് തന്നെ ബിജെപിയെയും സിപിഎമ്മിനെയും സരിൻ സമീപിച്ചിരുന്നുവെന്നും സതീശൻ ആവർത്തിച്ചു.