ഇനി മണ്ഡലകാല സുകൃതം; ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കി
Mail This Article
പാലക്കാട് ∙ വ്രതശുദ്ധിയുടെ, ശരണമന്ത്രഘോഷങ്ങളുടെ മണ്ഡലകാലത്തെ വരവേൽക്കാൻ പാലക്കാടും ഒരുങ്ങി. വൃശ്ചികക്കാറ്റിനൊപ്പം ഇനി രാപകലുകൾ ശരണംവിളികളും നിറയും. ഒരു മണ്ഡലകാലത്തിനു കൂടി ഇന്നു തുടക്കമാകുമ്പോൾ അയ്യപ്പഭക്‌തരെ വരവേൽക്കാൻ ജില്ലയിലും വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. തീർഥാടകരെ വരവേൽക്കാൻ പ്രധാന ഇടത്താവളങ്ങളെല്ലാം സജ്ജമായി. ജില്ലയിലെ ക്ഷേത്രങ്ങളെല്ലാം 41 ദിവസം നീളുന്ന മണ്ഡല വിളക്ക് ഉത്സവത്തിനും ഒരുങ്ങി. ശാസ്‌താംപാട്ടും ഭജനയും മറ്റു കലാപരിപാടികളും അരങ്ങുകളും ഉത്സവങ്ങളെ സജീവമാക്കും. ക്ഷേത്രങ്ങൾക്കൊപ്പം വീടുകളും മണ്ഡലകാലത്തെ വ്രതശുദ്ധിയുടെ നാളുകളിലേക്കു നീങ്ങും.
വാളയാർ വട്ടപ്പാറ, വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം, കണ്ണാടി– കണ്ണനൂർ റോഡ്, മങ്കര മിനി ശബരിമല തുടങ്ങിയവയാണ് അയ്യപ്പസേവാ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള, ജില്ലയിലെ പ്രധാന ഇടത്താവളങ്ങൾ. എല്ലായിടത്തും ഭക്തർക്കു വിരി വയ്ക്കാനും കുളിക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഭക്ഷണവിതരണവും ഇവിടങ്ങളിലുണ്ടാവും. ഇതു കൂടാതെ പട്ടിക്കരയിലുള്ള വിനായക ക്ഷേത്രത്തേടു ചേർന്ന അയ്യപ്പ സേവാ സംഘം ജില്ലാ കമ്മിറ്റി ഓഫിസ് മന്ദിരത്തിലും ഇടത്താവളം ഒരുക്കിയിട്ടുണ്ട്. ഇടത്താവളങ്ങളിൽ അയ്യപ്പ സേവാ സംഘത്തിന്റെ മുഴുവൻ സമയ സേവനത്തിനായി ബന്ധപ്പെടുക. ഫോൺ: 7907079057 (അയ്യപ്പ സേവാ സംഘം സംസ്ഥാന സെക്രട്ടറി ടി.കെ.പ്രസാദ്).
പൊലീസ് സജ്ജം
തീർഥാടനകാലത്ത് ഇടത്താവളങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും പൊലീസ് സുരക്ഷ വർധിപ്പിക്കാൻ നടപടിയായി. ദേശീയപാതകളിലും സംസ്ഥാനാന്തരപാതകളിലും 24 മണിക്കൂർ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. താൽക്കാലികമായി സ്പെഷൽ ഉദ്യോഗസ്ഥരെയും നിയമിക്കും. പരമാവധി പൊലീസുകാരെ നിരത്തുകളിൽ വിന്യസിക്കും. ജില്ലയിലെ ഇടത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും.
യാത്ര സുഗമമാകും
മണ്ഡലകാലത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ അടുത്തദിവസം ആരംഭിക്കും. നിലവിൽ എരുമേലിയിലേക്ക് മാത്രമാണു സർവീസുള്ളത്. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 4നും കെഎസ്ആർടിസി ബസ് സർവീസുണ്ട്. അടുത്ത ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ഡിപ്പോകളിൽ നിന്നും പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിക്കും. റെയിൽവേയും സ്പെഷൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
വിപണിയിലും ഉണർവ്
ഭക്തി നിറയുന്നതിനൊപ്പം മണ്ഡലകാലം വിപണിയെയും സജീവമാക്കും.പൂജാദ്രവ്യങ്ങളുടെ വിൽപന മുതൽ ടാക്സി സർവീസുകൾക്കു വരെ ഉണർവിന്റെ കാലമാണ്. വസ്ത്രശാലകളിൽ കൈലിമുണ്ട്, തോർത്ത്, തോൾസഞ്ചി എന്നിവയ്ക്കായി പ്രത്യേക കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ഇടത്താവളങ്ങളിലും പരിസരങ്ങളിലും ഭക്ഷണശാലകൾ തിരക്കിലാകും.ഇന്ധന വിൽപനയും ഉയരും. ഉത്സവകാലത്തിനു തുടക്കമാകുന്നതിനാൽ കലാസമിതികൾക്കു പ്രതീക്ഷയുടെ ദിനങ്ങളാണു മണ്ഡലകാലം.
ഇടത്താവളങ്ങൾ സജ്ജം
വടക്കഞ്ചേരി അഞ്ചമൂർത്തി മംഗലം
വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലത്ത് മണ്ഡലകാലത്ത് അയ്യപ്പൻമാർക്ക് താമസ സൗകര്യം ഒരുക്കി അയ്യപ്പസേവാസംഘം ആലത്തൂർ യൂണിയൻ. അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. 2015ൽ അഞ്ചൂർത്തി മംഗലത്ത് ചെറിയ സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ച് അയ്യപ്പഭക്തരെ സ്വീകരിച്ചു തുടങ്ങിയതാണ്. ഇന്ന് 5,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള എല്ലാ സൗകര്യങ്ങളുള്ള കെട്ടിടമായി ഇതു മാറി. 200 ഭക്തർക്ക് ഒരേസമയം വിശ്രമിക്കാൻ സൗകര്യമുണ്ട്. താഴത്തെ നിലയിൽ അടുക്കള ഉൾപ്പെടെയുണ്ട്. ഡൈനിങ് ഹാളും വിശ്രമ ഹാളുമുണ്ട്. മണ്ഡലകാലം മുഴുവൻ ഭക്തർക്കു ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ആശുപത്രി സേവനങ്ങളും യാത്രാ സമയത്ത് വാഹനത്തിനു കേടുവന്നാൽ നന്നാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വീടുകളിൽ സൗകര്യം ഇല്ലാത്ത സ്വാമിമാർക്ക് താമസിക്കാനും ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നു.
മങ്കര മിനിശബരിമല ക്ഷേത്രം
മങ്കര താവളത്ത് കാളികാവ് റോഡിൽ സ്ഥിതിചെയ്യുന്ന മങ്കര മിനിശബരിമല ക്ഷേത്രത്തിൽ സ്ത്രീപുരുഷ ഭേദമെന്യെ ഏവർക്കും പ്രവേശനമുണ്ട്. 2009ൽ പങ്കുന്നി ഉത്രം നാളിൽ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിൽ മണ്ഡല– മകര കാലത്ത് ഭക്തർക്കു രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും പ്രവേശനം ലഭിക്കും. ശബരിമലയിലേക്കു പോകുന്ന അയ്യപ്പന്മാർക്ക് ഇടത്താവളമായും ഈ ക്ഷേത്രം ഉപയോഗപ്പെടുത്താവുന്നതാണ്. ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തർക്കു ക്ഷേത്രത്തിൽ ദർശനം, നെയ്യഭിഷേകം സൗകര്യമുണ്ട്.ഗണപതി, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, രാജരാജേശ്വരി, ലളിതാംബിക, ആദി ശങ്കരാചാര്യൻ, ആജ്ഞനേയ സ്വാമി തുടങ്ങിയ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, വേദപാരായണം എന്നിവ മണ്ഡലകാലത്ത് നടക്കുന്നു.
വാളയാർ വട്ടപ്പാറ, കണ്ണാടി– കണ്ണനൂർ റോഡ്
ദേശീയപാതയോരത്തെ വാളയാർ വട്ടപ്പാറ ക്ഷേത്ര പരിസരത്താണ് അയ്യപ്പസേവാ സംഘത്തിന്റെ ഇടത്താവളമുള്ളത്. പാലക്കാട്– തൃശൂർ ദേശീയപാതയിൽ കണ്ണാടി– കണ്ണൂനൂർ റോഡിലുള്ള അയ്യപ്പ ക്ഷേത്രത്തിലും ഇടത്താവളം ഒരുക്കിയിട്ടുണ്ട്.