മംഗലംഡാം ഇടതു കനാലും തുറന്നു; കൃഷിപ്പണികൾ ആരംഭിച്ചു
Mail This Article
വടക്കഞ്ചേരി∙ രണ്ടാംവിള കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടതു കനാലിലേക്ക് വെള്ളം തുറന്നുവിട്ടു. വലതു കനാലിലേക്ക് കഴിഞ്ഞ ദിവസം വെള്ളം വിട്ടിരുന്നു. ഇതോടെ അഞ്ച് പഞ്ചായത്തുകളിലെ രണ്ടാം വിളയിറക്കൽ സജീവമായി. 3600 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് മംഗലംഡാം വെള്ളം പ്രയോജനപ്പെടുന്നു എന്നാണ് ജലസേചന വകുപ്പ് പറയുന്നത്.ചെറുകുന്നം, വക്കാല, മൂലങ്കോട്, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പാടശേഖരങ്ങളിലെ പ്രതിനിധികൾ ജലസേചനവകുപ്പ് ഓഫിസിൽ എത്തി കഴിഞ്ഞ ദിവസം കനാൽ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവർഷവും നവംബർ ഒന്നിനാണ് കനാൽ തുറക്കുക. ഇക്കുറി കനാൽ വൃത്തിയാക്കാൻ വൈകിയത് മൂലം വെള്ളം വിടാനും വൈകി.മംഗലംഡാം വലതുകര കനാൽ വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂർ വഴി 24 കിലോമീറ്റർ പിന്നിട്ട് തോണിക്കടവിൽ അവസാനിക്കുന്നു.
ഇടത് കര കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി, പുളിങ്കൂട്ടം, കണ്ണമ്പ്ര, പുതുക്കോട് മണപ്പാടം വഴി 23 കിലോമീറ്റർ താണ്ടി കണക്കന്നൂരിലാണ് അവസാനിക്കുന്നത്. കനാൽ കടന്നുപോകുന്ന എല്ലാ പ്രദേശങ്ങളിലും വൃത്തിയാക്കൽ പൂർത്തിയായതായി അധികൃകർ പറഞ്ഞു. വെള്ളം വിട്ടെങ്കിലും ഇടതു–വലതു കനാലുകളുടെ വാലറ്റ പ്രദേശങ്ങളിൽ കനാൽ വെള്ളം എത്താൻ ഒരാഴ്ചയെടുക്കും.സബ് കനാലുകളുടെയും കാഡ കനാലിന്റെയും തകർന്ന ഭാഗങ്ങളിലൂടെയും പൊട്ടിക്കിടക്കുന്ന ബണ്ടുകളിലൂടെയും വെള്ളം നഷ്ടപ്പെടുന്നതായി കർഷകർ പറഞ്ഞു. പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കനാൽ വൃത്തിയാക്കാൻ ഇക്കുറി കഴിഞ്ഞില്ല.യന്ത്രങ്ങൾ ഉപയോഗിച്ചാണ് കനാൽ വൃത്തിയാക്കൽ പൂർത്തിയാക്കിയത്. മംഗലംഡാമിൽ 70 ദിവസത്തേക്കുള്ള വെള്ളമാണ് ഉള്ളത്.
പോത്തുണ്ടി ഡാം ഇടതു കനാലും തുറന്നു
നെന്മാറ∙ പോത്തുണ്ടി ഡാം ഇടതു കനാലും തുറന്നു. ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്. അയിലൂർ ബ്രാഞ്ച് കനാലിൽ വാലറ്റ പ്രദേശമായ പാലമൊക്ക് ഭാഗത്തേക്കു വെള്ളം എത്തുന്ന രീതിയിലാണ് ഒന്നാം ഘട്ടം ജലവിതരണം.തുടർച്ചയായി 7ദിവസം വിതരണം നടത്തിയ ശേഷം മൂന്നു ദിവസത്തെ ഇടവേള നൽകി വീണ്ടും തുറക്കും.ബുധനാഴ്ച വലതു കനാൽ തുറന്നിരുന്നു.