ഒറ്റപ്പാലം കെഎസ്ഇബി സെക്‌ഷനിൽ ഇനി കവചിത കേബിളിന്റെ സുരക്ഷ
Mail This Article
ഒറ്റപ്പാലം∙ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം കെഎസ്ഇബി സെക്‌ഷനിൽ എച്ച്ടി വൈദ്യുതി ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നു. 10.83 കോടി രൂപ ചെലവിലാണു ഇൻസുലേറ്റഡ് കേബിൾ (കവേഡ് കണ്ടക്ടർ) സ്ഥാപിക്കുന്നത്.സെക്‌ഷൻ പരിധിയിൽ 2 മേഖലകളിലായി ഏകദേശം 11 കിലോമീറ്റർ ദൂരത്തിലാണു പദ്ധതി. കണ്ണിയംപുറം പനമണ്ണ റോഡ് മുതൽ വട്ടനാൽ വരെയും കയറമ്പാറ സബ് സ്റ്റേഷൻ മുതൽ തെന്നടി ബസാർ വരെയുമാണു കവചിത കേബിളുകൾ സ്ഥാപിക്കുന്നത്.നിലവിലുള്ള അലുമിനിയം കേബിളുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ പനമണ്ണയിൽ തുടങ്ങി. വൈദ്യുതി ബന്ധം വിഛേദിച്ചു ചെയ്യേണ്ട പ്രവർത്തനങ്ങളായതിനാൽ ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുക.
വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ആർഡിഎസ്എസ് (റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.കേബിളുകൾ സ്ഥാപിക്കുന്നതിനൊപ്പം വൈദ്യുതിത്തൂണുകളിൽ വയറുകൾ ഘടിപ്പിക്കുന്ന കോമ്പോസിറ്റ് പിന്നുകളും ഇതോടൊപ്പം മാറ്റും. കാലപ്പഴക്കം ബാധിച്ച വൈദ്യുതിത്തൂണുകളും മാറ്റി സ്ഥാപിക്കും. ലൈനുകൾക്കു മുകളിൽ മരച്ചില്ലകളോ മറ്റോ വീണാലും വൈദ്യുതി തടസ്സപ്പെടില്ലെന്നതും അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നതുമാണു സവിശേഷത. ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാനാണു ശ്രമം.