ആവേശമുണ്ട് ആവോളം, വിവാദം വേണ്ടുവോളം; പാലക്കാട്ടെ അടിയൊഴുക്ക് ആർക്കൊപ്പം?
Mail This Article
പാലക്കാട് ∙ പരസ്യപ്രചാരണത്തിന് ഇന്നുൾപ്പെടെ മൂന്നു നാൾ മാത്രം. നാലാം നാൾ 19നു നിശ്ശബ്ദ പ്രചാരണമാണ്. അഞ്ചാം നാളായ 20നു പാലക്കാട് പോളിങ് ബൂത്തിലെത്തും.വോട്ടെടുപ്പ് പാലക്കാട് നിയമസഭാ മണ്ഡലത്തിലാണെങ്കിലും അതിന്റെ ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമാകെ അലയടിക്കുന്നു. കൽപാത്തി രഥോത്സവത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിയതിനാൽ പ്രചാരണം കൂടുതൽ ദിവസം ലഭിച്ചെങ്കിലും വിവാദങ്ങൾ ആഞ്ഞടിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് കത്തിപ്പടരുന്നത്. ഇതിനിടെ ആകെ ചർച്ചയിൽ ഇടം പിടിച്ച ജനകീയ വിഷയം നെല്ലു സംഭരണത്തിലെയും വില വിതരണത്തിലെയും പാകപ്പിഴകൾ മാത്രം. അതും കർഷകർ രോഷംകൊണ്ടതോടെയാണു മുന്നണികൾ ചർച്ചയാക്കിയത്. ഇത്രത്തോളം വിവാദങ്ങൾ ഉയർത്തിയ ഉപതിരഞ്ഞെടുപ്പു സംസ്ഥാനത്തു നടന്നിട്ടുണ്ടാകില്ല.
ആരോപണം, തിരിച്ചടി
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ, എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരം ശക്തമാണ്. ഉപതിരഞ്ഞെടുപ്പായതിനാൽ ദേശീയ നേതാക്കളുടെ ഒഴുക്ക് കുറവാണ്. സംസ്ഥാന നേതാക്കളാണു പ്രചാരണം നയിക്കുന്നത്. ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പര്യടനത്തിനായി മുഖ്യമന്ത്രി ഇന്നും നാളെയും പാലക്കാട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾക്കു നേരെ പ്രയോഗിച്ച ആരോപണങ്ങൾ പലപ്പോഴും തിരിച്ചടിക്കുന്ന കാഴ്ചയും പാലക്കാട് കണ്ടു. താമസസ്ഥലത്തു കയറിയുള്ള പൊലീസ് പരിശോധനയും പാലക്കാടിന് മുൻ അനുഭവമില്ലാത്ത കാഴ്ചയായി. ഇതിന്റെ തുടർ നടപടികൾ ഏതാണ്ട് അസാധുവായ സ്ഥിതിയിലാണ്.
അടിയൊഴുക്ക് ആർക്കൊപ്പം
മണ്ഡലത്തിലെ അടിയൊഴുക്ക് ആർക്ക് അനുകൂലമാകുമെന്നതാണു വിജയത്തിന്റെ അടിസ്ഥാന ഘടകം. മൂന്നു മുന്നണി സ്ഥാനാർഥികളും വിജയം അവകാശപ്പെടുമ്പോഴും ജനമനസ്സ് ആർക്കൊപ്പം എന്നറിയാൻ വോട്ടെണ്ണുന്ന 23 വരെ കാത്തിരിക്കണം. നാടിളക്കിയുള്ള പ്രചാരണത്തിനൊപ്പം പരമാവധി വോട്ടർമാരെ നേരിൽ കണ്ടും വീടുകയറിയുമുള്ള വോട്ടഭ്യർഥനയ്ക്കും മുന്നണികൾ പ്രാമുഖ്യം നൽകുന്നു.
വിവാദം
സ്ഥാനാർഥിയാക്കിയതിൽ, സ്ഥാനാർഥിയാക്കാത്തതിൽ, മറുകണ്ടം ചാടൽ, കത്തിൽ, സ്പിരിറ്റിൽ, വ്യാജവോട്ടിൽ, ഇരട്ടവോട്ടിൽ, കൈകൊടുക്കൽ, കൊടുക്കാതിരിക്കൽ, നേതാക്കളുടെ സാന്നിധ്യം, അസാന്നിധ്യം, ആത്മകഥ എന്നുവേണ്ട പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാത്ത വിഷയം കുറവാണ്. മുനമ്പം വിഷയവും സജീവ ചർച്ചയായിരുന്നു.