ADVERTISEMENT

വാളയാർ ∙ കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് കർഷകനും മകനും പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റു മരിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം പാമ്പാംപള്ളം സ്വദേശി എ.ഹൃദയസ്വാമിയെയാണ് (48) അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ഒന്നാം പ്രതി കല്ലങ്കാട് സ്വദേശി ശിവനെ (ആനശിവൻ – 45) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശിവനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തിനു ശേഷം പ്രദേശത്തു നിന്നു മുങ്ങിയ ഹൃദയസ്വാമിയെ ഇന്നലെ ഉച്ചയോടെ പാലക്കാട് നഗരത്തിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. വൈകിട്ടോടെ ഹൃദയസ്വാമിയെ അപകടം നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. നിലവിൽ പ്രതികൾക്കെതിരെ നരഹത്യയ്ക്കാണു കേസെടുത്തിട്ടുള്ളത്.

പന്നിയിറച്ചി ലക്ഷ്യമിട്ടാണു കാഡ കനാലിൽ പ്രതികൾ കെണി വച്ചത്. ഇലക്ട്രിക് വയറുകൾ ഉപയോഗിച്ച് എൽടി ലൈനിൽ നിന്നു നേരിട്ടു വൈദ്യുതിയെടുത്താണു കെണി ഒരുക്കിയത്. ഇലക്ട്രിക് വയറുകൾ എത്തിച്ചതും സഹായിച്ചതും ഹൃദയസ്വാമിയാണെന്നു പൊലീസ് പറഞ്ഞു. പ്രദേശത്ത് ഈ സംഘം മാസങ്ങളായി കാട്ടുപന്നിവേട്ട നടത്തിയിരുന്നെന്നും ഇറച്ചിയാക്കി വിറ്റിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷിക്കുകയാണെന്ന് ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജെയ്സൻ എന്നിവർ പറഞ്ഞു.13നു വൈകിട്ട് ആറരയോടെയാണു കൃഷിയിടത്തിലേക്കു വെള്ളം തിരിച്ചുവിടാനെത്തിയ കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി മോഹനനും മകൻ അനിരുദ്ധും ഷോക്കേറ്റു മരിച്ചത്. കാഡ കനാലിൽ ഷോക്കേറ്റു കിടന്ന പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അനിരുദ്ധിനു ഷോക്കേറ്റത്.

English Summary:

In Walayar, a second arrest has been made in the heartbreaking case where a father and his son died due to an illegal pig trap in East Attapallam Makalikkad. Police have charged the suspects with murder, alleging they set electricity traps for hunting wild boars. The investigation continues as authorities probe the suspects' involvement in illegal hunting and delve deeper into the network.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com