കേന്ദ്രം സഹായിച്ചില്ലെങ്കിലും വയനാട്ടിൽ മാതൃകാ പുനരധിവാസം: മുഖ്യമന്ത്രി
Mail This Article
പാലക്കാട് ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും ദുരന്തബാധിതരെ ലോകത്തിനു മാതൃകയാകുന്ന രീതിയിൽ പുനരധിവസിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ ഇനിയും കേന്ദ്രത്തെ സമീപിക്കുമെന്നും അതു സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും അവകാശമാണെന്നും നിഷേധിക്കുന്നതു ശരിയല്ലെന്നു തിരിച്ചറിയണമെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രത്തിന്റേതു നിഷേധാത്മക സമീപനമാണ്. ഇത്തരം ദുരന്തങ്ങൾ അനുഭവപ്പെട്ട ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം ദ്രുതഗതിയിൽ സഹായം അനുവദിച്ചു. ആ സഹായം കേരളത്തിനെന്തേ നൽകാത്തത് എന്നാണു ചോദ്യം. കേരളം രാജ്യത്തിനു പുറത്തല്ലെന്ന വികാരം കേന്ദ്രം തിരിച്ചറിയണം.
ഇക്കാര്യത്തിലടക്കം ബിജെപിയുടെ നിലപാടും നാടിനെതിരാണ്. കഴിഞ്ഞ എട്ടര വർഷവും ഇതേ നിലപാടായിരുന്നു യുഡിഎഫിന്റേതും. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുക്കുമ്പോൾ ആ നാട്ടിൽ വലിയ ദുരന്തം സംഭവിച്ചു. അന്നു രാജ്യം ഒറ്റക്കെട്ടായി ദുരന്തബാധിതരോടൊപ്പം നിന്നു. രാജ്യത്തിനു പുറത്തു നിന്നും സഹായം ലഭിച്ചു. അന്നു രാജ്യം ഭരിച്ചിരുന്ന സർക്കാർ അതു തടഞ്ഞില്ല. അതേ മുഖ്യമന്ത്രി പ്രധാനമന്ത്രിയായപ്പോൾ 2018 ലെ പ്രളയത്തിൽ കേരളത്തിന് വിദേശത്തു നിന്നുള്ള സഹായം തടഞ്ഞു. കേന്ദ്രം സ്വന്തം നിലയ്ക്കും സഹായം നൽകിയില്ല. കേരളം വികസനക്കുതിപ്പിലാണ്.
ആ കുതിപ്പിനൊപ്പം നിൽക്കാൻ ഡോ.പി.സരിനെ വിജയിപ്പിച്ചയയ്ണമെന്നും ഈ നാടിനെ ഇടതുമുന്നണിയോടൊപ്പം വിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ബിജെപി സഖ്യം സജീവമാണ്. പാലക്കാട് 1960 മുതൽ ആരംഭിച്ചതാണ് ഈ സംയുക്ത നീക്കം. അതുവഴി നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് സിപിഎം പൂട്ടിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഹായത്തോടെയാണു തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നത്. മേപ്പറമ്പ്, മാത്തൂർ, കൊടുന്തിരപ്പുള്ളി എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു കൺവൻഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സ്ഥാനാർഥി ഡോ.പി.സരിൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി.രാജേഷ്, വി.അബ്ദു റഹ്മാൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, എളമരം കരിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ എ.എ.റഹീം എംപി, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.പി.രാജേന്ദ്രൻ, കെ.ഇ.ഇസ്മായിൽ, കെ.പി.സുരേഷ്‌രാജ്, എംഎൽമാരായ കെ.ബാബു, കെ.ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
നെല്ലെടുപ്പ് പറഞ്ഞ്
നെൽകൃഷി മേഖലയിലെ നേട്ടങ്ങളും പ്രതിസന്ധികളും വിവരിച്ച് മുഖ്യമന്ത്രി. കോഴിപ്പാറ കിൻഫ്ര പാർക്കിൽ 39.5 കോടി രൂപ ചെലവിൽ ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്ക് വരുന്നതോടെ നെല്ല് സംസ്കരിച്ച് അരിയാക്കുന്നതോടൊപ്പം ഉപോൽപ്പന്നങ്ങളും നിർമിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നെല്ലു സംഭരണത്തിൽ ചില പ്രതിസന്ധികൾ ഉണ്ട്. അതു പരിഹരിക്കാനാവശ്യമായ പ്രത്യേക ഇടപെടലുകളും നടന്നിട്ടുണ്ട്. കണ്ണമ്പ്രയിൽ സഹകരണ റൈസ് മില്ലിൽ ഒരു ഷിഫ്റ്റിൽ 100 മെട്രിക് ടൺ നെല്ല് സംസ്കരിക്കാനാകും. കെൽപാം റൈസ് മില്ലിന് 9 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിട്ടുണ്ട് ഇവിടെ എംഡി ഒഴികെയുള്ള തസ്തികകളിൽ പട്ടികജാതിയിൽ നിന്നായിരിക്കും നിയമനം. കേന്ദ്രം നെല്ലിന്റെ താങ്ങുവില യഥാസമയം നൽകുന്നില്ല. ഇതു കർഷകരെ ബാധിക്കാതിരിക്കാനാണ് സർക്കാർ കടമെടുത്ത് പിആർഎസ് വായ്പയായി നെല്ലു വില നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണ നേതൃത്വം ഏറ്റെടുത്ത്
പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്കു കുതിക്കുമ്പോൾ ഇടതു മുന്നണിയുടെ പ്രചാരണ നേതൃത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയെയും ബിജെപിയെയും യുഡിഎഫിനെയും കോൺഗ്രസിനെയും തനതു ശൈലിയിൽ കടന്നാക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇടമൺ–കൊച്ചി പവർ ഹൈവേ, ഗെയ്‌ൽ പൈപ്പ് ലൈൻ പൂർത്തീകരണം, ദേശീയപാത അടക്കമുള്ള ഗതാഗത വികസനം, ജലപാത, പുതുവൈപ്പിനിലെ എൽപിജി ടെർമിനൽ, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ മികവ് ഉൾപ്പെടെ വിവരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. മുഖ്യമന്ത്രി ഇന്ന് കണ്ണാടി, ഒലവക്കോട്, സുൽത്താൻപേട്ട എന്നിവിടങ്ങളിൽ പ്രസംഗിക്കും.