ശബരിമല തീർഥാടകരുടെ ബസും തമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ചു
Mail This Article
എലപ്പുള്ളി ∙ പാലക്കാട്–പൊള്ളാച്ചി സംസ്ഥാനാന്തരപാതയിലെ പള്ളത്തേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസും തമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റു. ടൂറിസ്റ്റ് ബസിനു മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്നു ബ്രേക്കിട്ടെന്നും ഇതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ എതിരെ വന്ന തമിഴ്നാട് സർക്കാർ ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയാണ് അപകടമെന്നും പൊലീസ് പറഞ്ഞു. ഇരു വാഹനങ്ങളുടെയും വേഗം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് 2.25നു പള്ളത്തേരി വള്ളേക്കുളത്താണ് അപകടം. ഡ്രൈവർമാർക്കും തമിഴ്നാട് സർക്കാർ ബസിലെ കണ്ടക്ടർക്കും സാരമായി പരുക്കേറ്റു.
മറ്റാരുടെയും പരുക്ക് ഗുരുതരമല്ല. ടൂറിസ്റ്റ് ബസ് ഡ്രൈവർ തെലങ്കാന കമ്മം ജില്ല സ്വദേശി റാം ബാബു (42), തമിഴ്നാട് സർക്കാർ ബസിലെ ഡ്രൈവർ പൊള്ളാച്ചി ഒട്ടൻഛത്രം സ്വദേശി ശബരി രാജൻ (55), നാഗപട്ടണം സ്വദേശി സെന്തിൽകുമാർ (42) എന്നിവരുടെ പരുക്കാണു ഗുരുതരം. ഡ്രൈവർമാരുടെ കൈയ്ക്കും കാലിനും എല്ലുകൾക്ക് പൊട്ടലുണ്ട്. കണ്ടക്ടറുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. മൂവരെയും ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആന്ധ്രയിലെയും തെലങ്കാനയിലെയും അയ്യപ്പ ഭക്തരുമായി തെലങ്കാന കമ്മം ജില്ലയിൽ നിന്ന് ശബരിമലയിലേക്കു വന്ന ടൂറിസ്റ്റ് ബസും പാലക്കാട് നിന്നു പൊള്ളാച്ചിയിലേക്ക് പോയ തമിഴ്നാട് സർക്കാർ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഇരു ബസുകളുടെയും മുൻവശം പൂർണമായി തകർന്നു. 44 അയ്യപ്പ ഭക്തരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ഇതിൽ മുൻ വശത്തുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള16 പേർക്കും തമിഴ്നാട് സർക്കാർ ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർക്കുമാണു പരുക്കേറ്റത്. പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്നു സംസ്ഥാനാന്തര പാതയിൽ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.