ഇരുന്നു ‘മുഷിയാൻ’ ഒരു എക്സ്പ്രസ്;പാലക്കാട്ടുനിന്ന് ഷൊർണൂരിൽ എത്താൻ 2 മണിക്കൂറോളം
Mail This Article
ഷൊർണൂർ∙ കോയമ്പത്തൂർ–മംഗളൂരു എക്സ്പ്രസിൽ പാലക്കാട്ടുനിന്ന് ഷൊർണൂരിലേക്കോ കോഴിക്കോട്ടേക്കോ യാത്ര ചെയ്യുന്നവർ ട്രെയിനിൽ ഇരുന്ന് ‘മുഷിയും’. പാലക്കാട്ടുനിന്ന് ഷൊർണൂരിൽ എത്താൻ 2 മണിക്കൂറോളം വേണമെന്നുതന്നെ കാരണം. 7.55 നാണ് ട്രെയിൻ കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്നത്. 8 മണിക്ക് കോയമ്പത്തൂരിൽ നിന്ന് ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസും യാത്ര ആരംഭിക്കും. 5 മിനിറ്റ് വ്യത്യാസത്തിലാണ് ഇരു ട്രെയിനുകളും 9.15 ഓടെ പാലക്കാട് ജംക്‌ഷനിൽ എത്തുക. കോഴിക്കോട് ഭാഗത്തേക്ക് മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ എല്ലാവരും മംഗളൂരു എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. തൃശൂർ ഭാഗത്തേക്കുള്ളവർ ശബരി എക്സ്പ്രസിനെയും.
പാലക്കാട്ടുനിന്ന് ആദ്യം എടുക്കുന്ന മംഗളൂരു എക്സ്പ്രസ് പറളിയിലോ ലക്കിടിയിലോ നിർത്തിയിട്ട് ശബരി എക്സ്പ്രസിന് വഴി കൊടുക്കും. മിക്ക ദിവസങ്ങളിലും ഏറെനേരം ട്രെയിൻ പിടിച്ചിടാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. ചില ദിവസങ്ങളിൽ ആലപ്പുഴ എക്സ്പ്രസും കടന്നുപോയി കഴിഞ്ഞേ ട്രെയിൻ യാത്ര പുനരാരംഭിക്കൂ. പാലക്കാട്ടു നിന്ന് ഷൊർണൂരിലേക്ക് ബസ് മാർഗം എത്തുന്നതിന്റെ ഇരട്ടി സമയം ട്രെയിനിൽ എടുക്കുന്നത് പതിവാണ്. നിർത്തിയിടുന്ന സ്റ്റേഷനുകളിൽ ഒരു കട പോലും ഇല്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
രാവിലെ 10 ന് ഒറ്റപ്പാലത്തും 10.25 ന് ഷൊർണൂരും എത്തേണ്ട ട്രെയിൻ 11.30 കഴിഞ്ഞിട്ടേ ചില ദിവസങ്ങളിൽ ഷൊർണൂർ ജംക്‌ഷനിൽ എത്താറുള്ളു. ഷൊർണൂരിലേക്ക് രാവിലെ ട്രയിനുകൾ കുറവായതിനാൽ മംഗളൂരു, കോഴിക്കോട് ഭാഗത്തേക്കുള്ള പല യാത്രക്കാരും ഷൊർണൂരിൽ നിന്ന് ട്രെയിൻ മാറി കയറാം എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിൻ കയറുന്നത്. ട്രെയിൻ പിടിച്ചിടുന്നതോടെ ഇവർക്ക് മറ്റ് ട്രെയിനുകളും പലപ്പോഴും കിട്ടാറില്ലെന്നാണ് യാത്രക്കാരുടെ പരാതി.