പാലക്കാടിന്റെ ഭാവി മുന്നിൽക്കണ്ടുള്ള വികസനം ലക്ഷ്യം: രാഹുൽ മാങ്കൂട്ടത്തിൽ
Mail This Article
പാലക്കാട്∙ 2040 ൽ പാലക്കാട് ജില്ല ലോക ഭൂപടത്തിൽ എങ്ങനെ അടയാളപ്പെടുത്തണമെന്ന ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നു പാലക്കാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ് കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടുള്ള വികസനത്തിന് അടിത്തറയാകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായിരിക്കും ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ ശ്രമിക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ നോഡൽ ഏജന്റു മാത്രമായിരിക്കണം നിയമസഭാ സാമാജികൻ. 2011 -2016 കാലഘട്ടമായിരുന്നു ജില്ലയുടെ വികസനത്തിന്റെ സുവർണ കാലഘട്ടം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ജില്ലയിൽ വികസനം എത്തിയത്. പാലക്കാട് മെഡിക്കൽ കോളജ് സാമൂഹിക നവോത്ഥാന കേന്ദ്രം കൂട്ടിയാണ്. പട്ടികജാതിയിൽപ്പെട്ട ഒട്ടേറെ ഡോക്ടർമാരെ സംഭാവന ചെയ്യാൻ മെഡിക്കൽ കോളജിനു കഴിഞ്ഞു. വലിയ വികസന സാധ്യതയാണ് പാലക്കാട് മെഡിക്കൽ കോളജിനുള്ളത്.
മുൻസിപ്പൽ ബസ് ടെർമിനൽ എംപി ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയിട്ടും അതിലൊരു മൂത്രപ്പുര നിർമിക്കാൻ പോലും കാര്യശേഷി ഇല്ലാത്ത ബിജെപി, പാലക്കാട് നഗരസഭ ഭരിക്കുന്നതാണു മണ്ഡലത്തിലെ വികസന മുരടിച്ചയ്ക്കു കാരണം. സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിനെയും ഡോ.പി.സരിൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനെയും താരതമ്യം ചെയ്യാനാവില്ല. ആളുകൾ വർഗീയ നിലപാട് തിരുത്തി മതനിരപേക്ഷ ചേരിയിലേക്കു വരുമ്പോൾ അത് സ്വാഗതം ചെയ്യുകയാണ് വേണ്ടത്. വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ട് വേണ്ട എന്നതാണ് യുഡിഎഫിന്റെ നിലപാട്. വർഗീയത ഉപേക്ഷിച്ച് ഒരു വ്യക്തി മതനിരപേക്ഷ ചേരിയിലേക്ക് വരുന്നത് സന്തോഷമാണ്. ബിജെപിക്ക് അകത്തുള്ള ആശയപരമായ പ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം പാർട്ടി വിട്ടത്.
സരിൻ കോൺഗ്രസ് വിട്ട് സിപിഎം സ്ഥാനാർഥിയായതിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കലല്ല സന്ദീപിന്റെ ലക്ഷ്യം. സന്ദീപ് വാരിയർ കോൺഗ്രസിലേക്ക് എത്തിയതിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് സിപിഎം ആണ്. കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന മന്ത്രി എം.ബി.രാജേഷ് സ്വയം പരിഹാസ്യനാവുകയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ട് മതനിരപേക്ഷ പാർട്ടിയിൽ ചേർന്നതിൽ സിപിഎമ്മിന് എന്താണ് പ്രശ്നം. സന്ദീപ് വാരിയർ മികച്ച പൊതു പ്രവർത്തകനാണെന്ന് ആദ്യം പറഞ്ഞത് സിപിഎം നേതാവ് എ.കെ.ബാലൻ ആണ്. കോൺഗ്രസിൽ ചേർന്നത് കൊണ്ടുമാത്രം മോശമെന്നു പറയരുത്. ബിജെപി ക്ഷീണിക്കാൻ പാടില്ല എന്ന് സിപിഎം ആഗ്രഹിക്കുന്നു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം മുഖം തിരിച്ചുനിൽക്കുകയാണ്. ബിജെപി പ്രവർത്തകർ എന്തു പറഞ്ഞാണ് വീടുകളിൽ എത്തി വോട്ടു ചോദിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന ഭൂപടത്തിൽ കേരളം ഇല്ല. നഗരത്തിലെ ഗ്രാമീണ റോഡ് ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ചിഹ്നം പോലും സ്ഥാനാർഥിക്ക് കൊടുക്കാതെ ബിജെപിയെ സഹായിക്കാനാണ് സിപിഎം പാലക്കാട് ശ്രമിക്കുന്നത്. മണ്ഡലത്തിലെ ഇരട്ടവോട്ടു സംബന്ധിച്ച് യുഡിഎഫ് ഒക്ടോബറിൽ തന്നെ പരാതി നൽകിയതാണ്. പാലക്കാട് ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് 23 ഇരട്ട വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.