വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് കൂടുതൽ പേർ വരും: കെ.സി.വേണുഗോപാൽ
Mail This Article
പാലക്കാട് ∙ ഒരു സന്ദീപ് വാരിയരിൽ അവസാനിക്കില്ല, ഇനിയും ഒരുപാട് ആളുകൾ വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് മതനിരപേക്ഷ ചേരിയായ കോൺഗ്രസിൽ ചേരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. മാത്തൂരിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരിനെ കലാപഭൂമിയാക്കി മാറ്റിയത് സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമായാണ്.
ജനങ്ങളെ വെറുപ്പിന്റെ കമ്പോളത്തിലേക്കു തള്ളിവിടുകയാണ് ആർഎസ്എസും ബിജെപിയും. പാലക്കാട്ട് മൂന്നാമത് നിൽക്കുന്ന സിപിഎമ്മിന്റെ ഏക ശത്രു കോൺഗ്രസാണ്. അവർക്ക് ജയിക്കണമെന്നു ലക്ഷ്യമില്ല. മറിച്ച് കോൺഗ്രസിനെ പരാജയപ്പെടുത്തുക മാത്രമാണു സിപിഎമ്മിന്റെ ആവശ്യം. ഇതിനായി ബിജെപിയുമായി കൂട്ടുകച്ചവടം നടത്തുകയാണ്. കൊടകര കുഴൽപണക്കേസിൽ ഒത്തുകളിച്ച സിപിഎം പാലക്കാട്ടെ കോൺഗ്രസിന്റെ നീലപ്പെട്ടിക്കു പിന്നാലെയായിരുന്നു. പെട്ടി വിവാദം ഉൾപ്പെടെ പല കള്ള പ്രചാരണങ്ങളും പാലക്കാട്ട് സിപിഎം അഴിച്ചുവിട്ടു. എന്നാൽ ഇതൊന്നും വിലപ്പോയില്ല. മുനമ്പം വിഷയത്തിൽ വിഷംതുപ്പുന്ന വർഗീയ രാഷ്ട്രീയം കളിച്ച് കേരളത്തെ മലീമസമാക്കുകയാണു സിപിഎമ്മും ബിജെപിയും ചെയ്യുന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അധ്യക്ഷനായി.
എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജെബി മേത്തർ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, എംഎൽഎമാരായ ഉമാ തോമസ്, ടി.സിദ്ദീഖ്, എം.വിൻസന്റ്, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, നേതാക്കളായ കെ.സി.ജോസഫ്, വി.സി.കബീർ, സന്ദീപ് വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു.