സന്തോഷ്ട്രോഫി: റെയിൽവേ ടീമിന്റെ പരിശീലകൻ പാലക്കാട്ടുകാരൻ; ടീമിൽ ആറ് മലയാളികൾ
Mail This Article
പാലക്കാട് ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേ ടീമിന്റെ മുഖ്യ പരിശീലകൻ പാലക്കാട്ടുകാരൻ വി.രാജേഷ്; ടീമിൽ മറ്റൊരു പരിശീലകനും കൂടാതെ ആറു കളിക്കാരും മലയാളികൾ. കോഴിക്കോട് 20ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് എച്ചിൽ കേരളത്തോടാണ് റെയിൽവേയുടെ ആദ്യ കളി. ഒലവക്കോട് റെയിൽവേ കോളനി ഗ്രൗണ്ടിൽ അവസാന ഘട്ട പരിശീലനം പൂർത്തിയാക്കിയ ടീം ഇന്നു കോഴിക്കോട്ടേക്കു യാത്ര തിരിക്കും. തുടർന്നു ലക്ഷദ്വീപ്, പുതുച്ചേരി ടീമുകളുമായും ഏറ്റുമുട്ടും. കേരള ടീം അടക്കം ഗ്രൂപ്പിലെ എല്ലാ ടീമുകളും ശക്തരാണെന്നു രാജേഷ് പറഞ്ഞു. ഇത്തവണ പ്രാഥമിക റൗണ്ടിലെ വിജയവും കിരീടവുമാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായ വി.രാജേഷ് ഒലവക്കോട് റെയിൽവേ കോളനിയിലാണു താമസം. നിലവിൽ വെസ്റ്റേൺ റെയിൽവേയുടെ പ്രധാന പരിശീലകനാണ്. 5 വർഷമായി ഇന്ത്യൻ റെയിൽവേ സന്തോഷ് ട്രോഫി ടീമിന്റെ കോച്ചിങ് പാനലിലുണ്ട് രാജേഷ്. റെയിൽവേയിൽ ജോലി നേടിയ ശേഷം മഹാരാഷ്ട്ര, ഇന്ത്യൻ റെയിൽവേ എന്നീ ടീമുകൾക്കായി ഒട്ടേറെ തവണ സന്തോഷ് ട്രോഫി കളിച്ചു. കേരളത്തിനായി ജൂനിയർ, യൂത്ത് ദേശീയ ഫുട്ബോൾ മത്സരങ്ങളിൽ ബൂട്ട് കെട്ടിയ രാജേഷ് കാലിക്കറ്റ് സർവകലാശാല മുൻ ക്യാപ്റ്റനുമായിരുന്നു. 2018ൽ സന്തോഷ് ട്രോഫിയിൽ ദാമൻ ദിയു ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. കൂടാതെ കേരള ടീമിന്റെ അണ്ടർ 13,15,19 ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയായ പി.വി.വിനോയ് ആണു ടീമിന്റെ മറ്റൊരു പരിശീലകൻ. മുംബൈ സെൻട്രൽ റെയിൽവേയിൽ ജോലി ചെയ്യുന്ന വിനോയ് റെയിൽവേ ടീമിനായി സന്തോഷ് ട്രോഫി അടക്കം വിവിധ ദേശീയ മത്സരങ്ങളിൽ പന്തുതട്ടിയും ടീമുകളെ പരിശീലിപ്പിച്ചും തഴക്കം വന്ന താരമാണ്. പരിശീലകരെ കൂടാതെ ആറു മലയാളികളും ടീമിൽ ഇടം നേടിയിട്ടുണ്ട്. പാലക്കാട് പുതുനഗരം സ്വദേശി എസ്.മുഹമ്മദ് ആഷിഖ് (പാലക്കാട്) പി.കെ.ഫസീൻ, അബ്ദു റഹീം (ഇരുവരും മലപ്പുറം), ഷിജു സ്റ്റീഫൻ,ജോൺ പോൾ ജോസ് (ഇരുവരും തിരുവനന്തപുരം), സിദ്ധാർഥ് രാജീവൻ നായർ (കണ്ണൂർ) എന്നിവരാണ് ടീമിനായി ബൂട്ടുകെട്ടുന്നത്. എല്ലാവരും മുൻവർഷങ്ങളിൽ റെയിൽവേയ്ക്കും കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കുമായി സന്തോഷ്ട്രോഫിയിലും നാഷനൽ ഗെയിംസിലും കളത്തിലിറങ്ങിയവരാണ്.