ജിഎസ്ടി അടയ്ക്കാമെന്നു പറഞ്ഞ് 4.5 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
Mail This Article
പട്ടാമ്പി ∙ ജിഎസ്ടി അടച്ചു നല്‍കാമെന്ന് പറഞ്ഞു നാലര ലക്ഷത്തോളം രൂപ കൈക്കലാക്കിയ സംഭവത്തില്‍ യുവാവിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല തച്ചറംകുന്ന് കളത്തില്‍ നവാസ് ബിന്‍ അലി (34) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2033 നവംബര്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ പട്ടാമ്പിയിലെ പി.കെ.ട്രെഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ജിഎസ്ടി തുക അടച്ചു കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു പട്ടാമ്പിയിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്ന് എട്ടു തവണകളായി നാലര ലക്ഷത്തോളം രൂപ കൈപ്പറ്റി അടയ്ക്കാതെയും 54, 555 രൂപയുടെ വ്യാജ ജിഎസ്ടി രസീത് കൊടുത്തും വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്.
നവാസ് ആന്‍ഡ് അസോസിയേറ്റ്സ് ടാക്സ് കണ്‍സള്‍ട്ടന്‍സി പട്ടാമ്പി എന്ന സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ട്. വ്യാപാരികളില്‍ നിന്നും മറ്റും ജിഎസ്ടി അടയ്ക്കുന്നതിന് പിരിച്ചെടുത്ത തുക വ്യാജ രേഖകള്‍ നിര്‍മിച്ച് അടച്ചതായി കാണിച്ചതായി ഇയാള്‍ക്കെതിരെ പരാതി ഉണ്ടായിരുന്നു. വ്യാപാരികളുടെ സംശയത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ തട്ടിപ്പു സംഭവങ്ങള്‍ ഉണ്ടോ എന്നത് അന്വേഷിച്ചു വരുന്നുണ്ടെന്നും പട്ടാമ്പി പൊലീസ് പറഞ്ഞു.