ADVERTISEMENT

പാലക്കാട് ∙ ഒരാളുടെ കോൺഗ്രസ് പ്രവേശനത്തെ ഇത്രയധികം മഹത്വവൽക്കരിക്കുന്നത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാംപിലെ പരിഭ്രാന്തിക്കു തെളിവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉപാധിയും ഇല്ലാതെയാണ് ഇദ്ദേഹത്തിന്റെ കോൺഗ്രസ് പ്രവേശനം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ തന്നെ കള്ളി പുറത്തായി. നാടിനെ മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ ശ്രമിച്ച ഒരാളെ ഒരു പ്രത്യേക ദിവസം പ്രത്യേകതയോടെ ചിത്രീകരിക്കാൻ ഒരുമ്പെട്ടത് പറ്റിയ ജാള്യതയുടെ ഭാഗമാണ്. ആ വെപ്രാളത്തിലാണു പാണക്കാട്ടേക്കുള്ള പോക്ക്. 

ഇ.പി.ജയരാജന്റെ ആത്മകഥാ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അത് വാസ്തവവിരുദ്ധവും പരിഹാസ്യവുമെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ടിരുന്നു. ഇ.പി.ജയരാജനും അതു വ്യക്തമാക്കി. പുസ്തകം എഴുതുമ്പോൾ സരിൻ ഇടതുപക്ഷത്തില്ല. അതുപോലും മനസ്സിലാക്കാതെയാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു വാർത്തകൾ പ്രചരിപ്പിച്ചത്. 

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ വയനാട് തുരങ്കപ്പാത പോലുള്ള വലിയ പദ്ധതികൾ പെട്ടെന്നു നടപ്പാക്കാനാകില്ല. അതെല്ലാം ബോധ്യപ്പെട്ടിട്ടും സർക്കാരിനെതിരെ ബോധപൂർവം പ്രചാരണം നടത്തുന്നു. കേരളം തകരണം എന്ന മട്ടിലാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം. സാമൂഹിക പെൻഷൻ തടയാൻ നോക്കുന്നു, കിഫ്ബി വികസനം തടസ്സപ്പെടുത്തുന്നു, ദുരന്തമുഖങ്ങളിൽ പോലും സഹായമില്ല. എന്നിട്ടും കേന്ദ്രത്തെ ന്യായീകരിക്കാൻ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് യുഡിഎഫിന്റേത്. ഇരുമെയ്യാണെങ്കിലും ഒരു മനസ്സോടെയാണ് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രവർത്തനം. കണ്ണാടി പാത്തിക്കൽ, ഒലവക്കോട്, സു‍ൽത്താൻപേട്ട എന്നിവിടങ്ങളിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്ഥാനാർഥി ഡോ.പി.സരിൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, കെ.രാജൻ. സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.പി.രാജേന്ദ്രൻ, കെ.പി.സുരേഷ്‌രാജ്, എംഎൽഎമാരായ മുഹമ്മദ് മുഹസിൻ, എ.പ്രഭാകരൻ, കെ.ഡി.പ്രസേനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, നേതാക്കളായ എൻ.എൻ.കൃഷ്ണദാസ്, കെ.കൃഷ്ണൻകുട്ടി, മുരളി താരേക്കാട്, നിതിൻ കണിച്ചേരി, കെ.കുശലകുമാ‍ർ, അനിൽകുമാർ, കെ.എസ്.ബോസ്, എ.കൃഷ്ണദാസ്, സി.സുരേഷ് എന്നിവർ പ്രസംഗിച്ചു.

English Summary:

In a sharp critique of the opposition, Kerala Chief Minister Pinarayi Vijayan labeled the UDF's emphasis on Rahul Gandhi's campaign involvement as a desperate attempt to salvage their electoral prospects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com