പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ കൊപ്പം ടൗണിലെ വിശ്രമകേന്ദ്രം ഇന്ന് തുറക്കും
Mail This Article
കൊപ്പം ∙ പ്രതിഷേധ സമരങ്ങള്‍ക്കൊടുവില്‍ കൊപ്പം ടൗണിലെ വിശ്രമകേന്ദ്രം ഇന്ന് തുറക്കും. വൈകിട്ട് നാലിന് ആണ് വിശ്രമ കേന്ദ്രം തുറന്നു കൊടുക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചടങ്ങുകളില്ലാതെയാണ് വിശ്രമകേന്ദ്രം തുറക്കുന്നത്. ശുചിമുറിയാണ് ഇന്ന് തുറന്നു കൊടുക്കുക. പഞ്ചായത്തിലെ കൈരളി കുടുംബശ്രീക്കാണ് വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തിലെ വിശ്രമമുറിയും ലഘുഭക്ഷണശാലയും പ്രവര്‍ത്തിക്കും. കൊപ്പം ടൗണിലെ വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തന ചുമതല കുടുംബശ്രീയെ ഏൽപിച്ചിട്ട് മാസങ്ങളായിരുന്നു. പാലക്കാട്ടു നിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കുമുള്ള എളുപ്പമാർഗമാണ് ചെർപ്പുളശ്ശേരി - കൊപ്പം - വളാഞ്ചേരി പാത.
ഈ പാതയിലെ പ്രധാന പട്ടണമായ കൊപ്പത്ത് യാത്രക്കാർക്ക് വിശ്രമിക്കാനാണ് കംഫർട്ട് സ്റ്റേഷനോടുകൂടിയ വിശ്രമകേന്ദ്രം നിർമിച്ചത്. ടൗണില്‍ എത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കാനും ലക്ഷ്യമിട്ടാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്. കൊപ്പം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വില്ലേജ് ഓഫിസിനോട് ചേര്‍ന്നാണ് വിശ്രമ കേന്ദ്രത്തിനുമായി ഇരുനില കെട്ടിടം നിർമിച്ചത്. കെട്ടിടം നിര്‍മിച്ചു മൂന്നു വര്‍ഷമായിട്ടും തുറന്നിരുന്നില്ല. ഇത് സംബന്ധിച്ച് മനോരമ വാര്‍ത്ത കൊടുത്തിരുന്നു. മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 93. 5 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്.