ADVERTISEMENT

പാലക്കാട് ∙ മണ്ഡലത്തിലെ ഇരട്ടവോട്ട് പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ടെന്നും അതു പ്രിസൈഡിങ് ഓഫിസർമാർക്കു കൈമാറുമെന്നും ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്നും ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര വ്യക്തമാക്കി. എന്നാൽ, ആരോപണം തുടർന്ന എൽഡിഎഫ് കലക്ടർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കലക്ടറേറ്റ് മാർച്ച് നടത്തി. ബൂത്ത് ലവൽ ഓഫിസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ യുഡിഎഫും ബിജെപിയും സ്വാധീനിച്ചു വ്യാപകമായി വ്യാജവോട്ട് ചേർത്തെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ ആരോപിച്ചു. 

വോട്ടെടുപ്പു സുതാര്യമായി നടത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. അതേസമയം, വോട്ടർമാരുടെ പേരുകൾ ഇരട്ടിച്ചതായി കണ്ടെത്തിയെന്നും പക്ഷേ, അതു സാങ്കേതിക തകരാർ മാത്രമാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ സോഫ്റ്റ്‌വെയറിൽ (ERO-Net) ഇരട്ടിപ്പു കണ്ടെത്താൻ സംവിധാനമുണ്ട്. ഒരേ ആളുടെ ഫോട്ടോയും പേരും ആവർത്തിച്ചാൽ ഡി ഡ്യൂപ്ലിക്കേഷൻ സംവിധാനത്തിലൂടെ കണ്ടെത്താനാകും. സെർവർ തകരാർ ഉൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ ഇതിനു തടസ്സമായേക്കാം. 2,700 വ്യാജ വോട്ടുണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ആവർത്തിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാലക്കാട് മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതു 437 പേരാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

തെളിവു സഹിതം രണ്ടുതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ലെന്ന് എൽഡിഎഫ് മാർച്ച് ഉദ്ഘാടനം ചെയ്ത എ.കെ.ബാലൻ ആരോപിച്ചു. എഫ്ഐആർ ഇട്ട് അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥർ അതു ചെയ്തില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമാണു കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. അതിനാൽ ആക്ഷേപം ഉന്നയിക്കാനോ തിരുത്തലുകൾ ആവശ്യപ്പെടാനോ സമയം ലഭിച്ചില്ല. പിന്നീടു നടത്തിയ പരിശോധനയിലാണു വ്യാജവോട്ടുകൾ കണ്ടെത്തിയതെന്നും ബാലൻ പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, എംഎൽഎമാരായ കെ.ഡി.പ്രസേനൻ, കെ.പ്രേംകുമാർ, പി.പി.സുമോദ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.കെ.നൗഷാദ്, കെ.എസ്.സലീഖ, സി.കെ.രാജേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, സുഭാഷ് ചന്ദ്രബോസ്, നിതിൻ കണിച്ചേരി, കെ.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. എ.കെ.ബാലന്റെ നേതൃത്വത്തിൽ കലക്ടർക്കു നിവേദനം നൽകി.

English Summary:

Tensions rise in Palakkad as the LDF accuses the UDF and BJP of influencing officials and adding fake votes to the electoral roll. The District Collector assures a fair election process, while the LDF remains skeptical and demands a thorough investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com