ഓട നിർമാണം നടത്തിയില്ല: മുണ്ടൂർ-തൂത റോഡിലെ പാതിരാ ടാറിങ് തടഞ്ഞു
Mail This Article
കോങ്ങാട് ∙ മുണ്ടൂർ - തൂത റോഡ് പാതിരാ ടാറിങ് നാട്ടുകാർ തടഞ്ഞു. ചല്ലിക്കൽ താഴത്തെ മമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപ റോഡിനോടു ചേർന്നുള്ള ഓട നിർമാണവും അനുബന്ധപാതയുടെ പ്രവൃത്തിയും നടത്തണമെന്നാണ് ആവശ്യം. രണ്ടാംഘട്ട ടാറിങ് ഞായർ രാത്രിയും നടന്നിരുന്നു. ഇതിനിടെയാണു നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പ്രവൃത്തി തടഞ്ഞതോടെ ഏതാനും സമയം ടാറിങ് തടസ്സപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി അനുരഞ്ജന ചർച്ച നടത്തി. തുടർന്ന് ഓട നിർമാണം ഉടൻ തുടങ്ങുമെന്ന ഉറപ്പിൽ പ്രതിഷേധക്കാർ അയഞ്ഞു. പിന്നീട് ടാറിങ് പുനരാരംഭിച്ചു. അതേസമയം, പാത നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ ചാലും അനുബന്ധ പ്രവൃത്തികളും പാതിവഴിയിൽ നിലച്ച സ്ഥിതിയിലായിരുന്നു. ഇതു സംബന്ധിച്ചു പലതവണ നിർമാണ കമ്പനി ഉദ്യോഗസ്ഥർ, കെഎസ്‌ടിപി അധികൃതർ എന്നിവരെ പ്രദേശവാസികൾ അറിയിച്ചിട്ടും ഫലം ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ഓട നിർമാണം കഴിഞ്ഞാൽ റോഡിന്റെ ഉയര വ്യത്യാസത്തിനു പരിഹാരം വേണം. അതുവഴി വാഹനങ്ങൾക്ക് അപകടഭീഷണി ഇല്ലാത്ത രീതിയിൽ ഗ്രാമീണ പാതയിൽ നിന്നു പ്രധാന പാതയിലേക്കു വരാൻ സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ പറയുന്നു. ഞായർ രാത്രി വൈകി തുടങ്ങിയ പ്രതിഷേധം അവസാനിച്ചപ്പോൾ പുലർച്ചെ ഒന്നു കഴിഞ്ഞു. ഇതിനു ഫലം കണ്ടു എന്നു വേണം കരുതാൻ. ഇന്നലെ രാവിലെ ഓടനിർമാണം തുടങ്ങിയിട്ടുണ്ട്. ചല്ലിക്കൽ ബസ് സ്റ്റോപ്പിനു സമീപവും ഓടനിർമാണം പൂർത്തീകരിച്ചിട്ടില്ല.