ADVERTISEMENT

ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രി കന്റീനിന്റെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിലേക്കു നീങ്ങുന്നു. പുറത്തെ ഹോട്ടലുകളിൽ നിന്നു ഭക്ഷണം എത്തിച്ചു വാർഡുകളിൽ വിതരണം ചെയ്യുന്നതു വിലക്കിയില്ലെങ്കിൽ സ്ഥാപനം പൂ‌ട്ടുമെന്നു വ്യക്തമാക്കി കരാറുകാരൻ നഗരസഭാധ്യക്ഷയ്ക്കു കത്തു നൽകി. 

ഏറ്റെടുക്കാൻ ആളെ കിട്ടാതെ 10 മാസത്തോളം അടഞ്ഞുകിടന്ന കന്റീൻ കഴിഞ്ഞ മാസം 10ന് ആണു പുതിയ കരാറുകാരൻ ഏറ്റെടുത്തു തുറന്നിരുന്നത്. പ്രതിമാസം 27,000 രൂപ വാടക നിശ്ചയിച്ചാണു പ്രവർത്തനം. നേരത്തെ 55,000 രൂപയായിരുന്ന വാടക, ഏറ്റെടുക്കാൻ ആളെ കിട്ടാതായതോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു നിരക്കു ചുരുക്കിയാണ് 27,000 രൂ‌പയാക്കി മാറ്റിയിരുന്നത്. 

പുറത്തെ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം വാർഡുകളിൽ പതിവായി വിതരണം ചെയ്യുന്നതു വിലക്കണമെന്നു കന്റീൻ ഏറ്റെടുത്ത ഘട്ടം മുതൽ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണിക്കപ്പെടുന്നില്ലെന്നാണു പരാതി. ഇതു നിയമപരമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

പുറത്തുനിന്നു ഭക്ഷണം എത്തിക്കുന്നതു കനത്ത സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നുവെന്നാണ് ആക്ഷേപം. വലിയ സംഖ്യ നിക്ഷേപിച്ചു തുടങ്ങിയ സംരംഭം ഇങ്ങനെ മുന്നോട്ടു പോയാൽ സാമ്പത്തിക ബാധ്യതയായി മാറുമെന്നും കത്തിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു നിസ്സഹകരണം തുടർന്നാൽ സ്ഥാപനം പൂട്ടേണ്ടി വരുമെന്നും നഷ്ടം നികത്തുന്നതിനു നിയമ നടപടി സ്വീകരിക്കുമെന്നും കരാറുകാരൻ വ്യക്തമാക്കുന്നു.

English Summary:

The newly reopened canteen at Ottapalam Taluk Hospital is on the verge of closure. The contractor alleges financial losses due to the hospital's practice of distributing food from outside hotels, demanding action against this illegal activity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com