ADVERTISEMENT

പാലക്കാട് ∙ കടലില്ല പാലക്കാട്, പക്ഷേ ഒഴുകിയെത്തിയ ജനങ്ങൾ ഇന്നലെ നഗരത്തിൽ ആവേശത്തിന്റെ അലകടൽ തീർത്തു. നാളെ നടക്കുന്ന വോട്ടെടുപ്പിൽ മുന്നിലെത്താനുള്ള ഓളമായിരുന്നു ആ കടലിൽ.ഉപതിര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ പാലക്കാടിന്  ഉത്സവദിനമായിരുന്നു. രാവിലെ മുതൽ പാലക്കാടൻ നഗരവീഥികളിലും കണ്ണാടിയിലെയും മാത്തൂരിലെയും പിരായിരിയിലെയും നാട്ടിടവഴികളിലുമടക്കം പാട്ടിന്റെയും പ്രസംഗത്തിന്റെയും അകമ്പടിയോടെയുള്ള വോട്ടു തേടലായിരുന്നു.

വൈകിട്ടായപ്പോഴേക്കു മൂന്നു മുന്നണികളും നഗരം കേന്ദ്രീകരിച്ചു കലാശക്കൊട്ടിനൊരുങ്ങി. അതോടെ പാലക്കാട്ടേക്കു കണ്ണെത്താ ദൂരത്തോളം പ്രവർത്തകർ എത്തിത്തുടങ്ങി. പിന്നീടങ്ങോട്ട് ആവേശക്കൊടി പാറിച്ച് ഒരു ഘോഷയാത്രയായിരുന്നു.യുഡിഎഫ്, എൻഡിഎ, എൽഡിഎഫ് മുന്നണികളുടെ പ്രകടനം നഗരം ചുറ്റി സ്റ്റേഡിയം സ്റ്റാൻഡിനു സമീപമാണു സമാപിച്ചത്.

അവിടെ പൊലീസ് ഒരു വൃത്തം തീർത്തിരുന്നു. മൂന്നു മുന്നണികൾക്കും ഒരുപോലെ കലാശക്കൊട്ടു നടത്താവുന്ന വിധത്തിലുള്ള ക്രമീകരണത്തിൽ പ്രവർത്തകരും നേതാക്കളും തൃപ്തരായി. വൈകിട്ടു മൂന്നര മുതൽ തന്നെ സ്റ്റേഡിയം സ്റ്റാ‍ൻഡ് പരിസരത്ത് ആവേശക്കൊട്ട് ഉയർന്നുതുടങ്ങി.

അഞ്ചായതോടെ സ്ഥാനാർഥികളും നേതാക്കളും എത്തി. അതോടെ ആവേശം പലമടങ്ങായി. പ്രവർത്തകരും ഇളകിമറിഞ്ഞു.  5.55 ആയപ്പോൾ നേതാക്കൾ മുന്നറിയിപ്പു നൽകി. ഇനി 5 മിനിറ്റുകൂടി. ഇതിനിടെ ക്രെയിനിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്ത സ്ഥാനാർഥികളും താഴത്തിറങ്ങി. 

കൃത്യം 6ന് പരസ്യപ്രചാരണം അവസാനിപ്പിച്ചു ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തകർ പിരിഞ്ഞു. അഡീഷനൽ എസ്പി പി.സി.ഹരിദാസ്, എഎസ്പി അശ്വതി ജിജി എന്നിവരുടെ നേതൃത്വത്തിൽ അർധസൈനിക വിഭാഗങ്ങളടക്കം വൻ സുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നു.

വികസനത്തുടർച്ചയ്ക്ക് വോട്ടുതേടി രാഹുൽ
നാടിനൊപ്പം, നാട്ടുകാർക്കൊപ്പം, വികസനത്തുടർച്ചയിലേക്ക്, കർഷകർക്കൊപ്പം നിൽക്കാൻ, അവരുടെ ശബ്ദം നിയമസഭയിലെത്തിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിനു കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർഥനയോടെ ആയിരങ്ങളുടെ പ്രകടനമായിട്ടായിരുന്നു യുഡിഎഫ് പ്രചാരണത്തിന്റെ സമാപനം. ഒപ്പം താളമേളങ്ങളുടെ ആവേശക്കൊട്ടും ഉയർന്നു. വിവാദങ്ങൾക്കെല്ലാമുള്ള മറുപടിയും കലാശക്കൊട്ടിൽ ഉണ്ടായി.

പ്രവർത്തകർ ആവേശച്ചുവടു തീർത്തപ്പോൾ ലോറിക്കു മുകളിൽ നിന്നിരുന്ന സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ.ശ്രീകണ്ഠൻ എംപി, നടൻ രമേഷ് പിഷാരടി എന്നിവരും ഒപ്പം ചുവടുവച്ചു. ഇതോടെ ആവേശക്കൈകൾ അന്തരീക്ഷത്തിൽ ഉയർന്നു. ഉച്ചയ്ക്കു ശേഷം ഒലവക്കോട് ജംക്‌ഷനിൽ നിന്നാണു റോഡ് ഷോ ആരംഭിച്ചത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, അൻവർ സാദത്ത്, നേതാക്കളായ വി.ടി.ബൽറാം, ജ്യോതികുമാർ ചാമക്കാല, രമ്യ ഹരിദാസ്, പി.കെ.ഫിറോസ്, വി.എസ്.ജോയി, സന്ദീപ് വാരിയർ, മുഹമ്മദ് ഷിയാസ് എന്നിവർ നേതൃത്വം നൽകി.

എൻഡിഎ വികസനം പാലക്കാട്ട് എത്തിക്കാൻ കൃഷ്ണകുമാർ
രാജ്യം നെഞ്ചിലേറ്റിയ എൻഡിഎ സർക്കാരിന്റെ വികസനം പാലക്കാട്ടേക്കും എത്തിക്കാൻ നാടിനെ അറിയുന്ന നഗരത്തിനു വികസനം സമ്മാനിച്ച സ്ഥാനാർഥി സി.കൃഷ്ണകുമാറിനു താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ആവേശത്തിന്റെ താമരച്ചന്തത്തോടെയായിരുന്നു എൻഡിഎയുടെ പ്രചാരണ സമാപനം. ചിട്ടപ്പെടുത്തിയ ഗാനങ്ങളും പൂക്കാവടിയും മേളവും എല്ലാം അതിനു നിറച്ചാർത്തേകി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന എൻഡിഎ സ്ഥാനാർഥി സി.കൃഷ്‌ണകുമാർ.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന എൻഡിഎ സ്ഥാനാർഥി സി.കൃഷ്‌ണകുമാർ.

ആവേശത്തിന്റെ താമര വിടർന്നപ്പോൾ സ്ഥാനാർഥി സി.കൃഷ്ണകുമാർ ക്രെയിനിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പൂക്കൾ വിതറി. ഇതോടെ ആവേശം കൊടുമുടിയിലായി. ഉച്ചയ്ക്കു ശേഷം മേലാമുറിയിൽ റോഡ് ഷോ ആരംഭിച്ച് ചുണ്ണാമ്പുതറ, ജൈനിമേട്, കൽപാത്തി, പുത്തൂർ, വലിയപാടം, മണലി ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിനു സമീപം കൽമണ്ഡപം റോഡിലെത്തിയപ്പോഴേക്കു പ്രവർത്തകർ തിങ്ങിനിറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉൾപ്പെടെയുള്ളവർ പ്രകടനത്തെ നയിച്ചു.

നാടിന്റെ ഹൃദയത്തുടിപ്പിനൊപ്പം ഡോ.പി.സരിൻ
ഇടതിനെ ഇടനെഞ്ചിലേറ്റാൻ, നാടിന്റെ ഹൃദയമിടിപ്പറിയുന്ന ഡോ.പി.സരിൻ, നാടറിയുന്ന, നാടിനെ അറിയുന്ന സ്ഥാനാർഥി. ആവേശത്തിന്റെ മുദ്രാവാക്യങ്ങൾ മുഴക്കി, ചെങ്കൊടി വീശി നഗരം ഇളക്കി മറിച്ചായിരുന്നു ഇടതുമുന്നണി പരസ്യപ്രചാരണത്തിനു സമാപനം കുറിക്കാൻ എത്തിയത്. ആയിരങ്ങൾ അണിനിരന്ന പ്രകടനത്തിൽ നേതാക്കളുടെ, സ്ഥാനാർഥിയുടെ വാക്കുകൾ പ്രവർത്തകർ നെഞ്ചിലേറ്റി. ചെങ്കൊടിയിൽ സ്റ്റെതസ്കോപ് ചിഹ്നം പാറിപ്പറന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ. മന്ത്രി എം. ബി. രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമീപം.
പാലക്കാട് ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ. മന്ത്രി എം. ബി. രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമീപം.

സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ, മന്ത്രി എം.ബി.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ് എന്നിവരുടെ വാക്കുകളും പ്രവർത്തകർക്ക് ആവേശം പകർന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നാണു കലാശക്കൊട്ട് ആരംഭിച്ചത്.

English Summary:

Palakkad was buzzing with excitement on the final day of campaigning for the by-election. The city witnessed massive rallies by UDF, NDA, and LDF, drawing huge crowds and culminating in a vibrant display of political fervor at the stadium stand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com