കടം കൊടുത്ത പണം തിരികെ കിട്ടിയില്ല; വീട്ടമ്മ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Mail This Article
ചെർപ്പുളശ്ശേരി ∙ മാങ്ങോട് പിഷാരിക്കാവിനു പരിസരത്തെ താമസസ്ഥലത്തു വീട്ടമ്മ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പൊന്നാനി പെരുമ്പടപ്പ് തെക്കൻചേരി വീട്ടിൽ സത്യനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം താമസിച്ചിരുന്ന പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിലും കൊലപാതകം നടന്ന മാങ്ങോട്ടെ വീട്ടിലും എത്തിച്ച് പൊലീസ് ഇൻസ്പെക്ടർ ടി.ശശികുമാറിന്റെ നേതൃത്വത്തിൽ തെളിവെടുത്തു. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സത്യനെ റിമാൻഡ് ചെയ്തു.മാങ്ങോട് പിഷാരിക്കാവ് പരിസരത്തു വാങ്ങിയ സ്ഥലത്തു ഷെഡ് കെട്ടി രണ്ടു മാസത്തിലേറെയായി താമസിച്ചിരുന്ന സുനിതയ്ക്ക് (50) ആണു തിങ്കളാഴ്ച പുലർച്ചെ 5.45നു കുത്തേറ്റത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുനിതയുടെ വാരിയിലും മാറത്തും കുത്തേറ്റിരുന്നു. സുനിതയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ താമസിച്ച പട്ടാമ്പിയിലെ ലോഡ്ജിൽ നിന്നു സത്യനെ തിങ്കളാഴ്ച രാത്രിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ തെളിവെടുപ്പിനായി മാങ്ങോട്ടെത്തിച്ച സത്യൻ ഭാവഭേദവുമൊന്നുമില്ലാതെയാണു കാര്യങ്ങൾ പൊലീസിനോടു വിവരിച്ചത്.
പൊന്നാനിയിലെ സ്ഥലവും വീടും വിറ്റുകിട്ടിയ തുകയിൽ നിന്നു ഭാര്യ സുനിതയ്ക്ക് നാൽപതിനായിരം രൂപ കടമായി കൊടുത്തിരുന്നെന്നും ഈ പണം തിരികെ വാങ്ങുന്നതിനായി പലപ്പോഴായി താൻ ഭാര്യ താമസിക്കുന്നിടത്തു വരാറുണ്ടായിരുന്നെന്നും സത്യൻ പൊലീസിനോടു പറഞ്ഞു. കൃത്യം നടത്തിയതിന്റെ തലേദിവസവും അതിനു മുൻപും സത്യൻ മാങ്ങോട്ടും പരിസരത്തും കറങ്ങിനടന്നിരുന്നു. പണം ചോദിക്കുമ്പോൾ തിരികെ തരാതിരിക്കുകയും വീട്ടിൽ കയറ്റാതിരിക്കുകയും ചെയ്തതിന്റെ വൈരാഗ്യമുണ്ടായിരുന്നു സത്യന്.
തിങ്കളാഴ്ച പുലർച്ചെ സുനിത ഉണർന്നു പുറത്തേക്കു വരുന്ന സമയം കണക്കാക്കി വീടിനു പുറത്തു തക്കം പാർത്തിരുന്നാണു കൊല നടത്തിയതെന്നും കൊലയ്ക്കുപയോഗിച്ച ചെറിയ കത്തി വീടിന്റെ പരിസരത്തുനിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. കുടുംബവഴക്കിനെത്തുടർന്ന് രണ്ടു മാസം മുൻപാണു സുനിതയും മകൻ സഞ്ജയും മാങ്ങോട് പിഷാരിക്കാവ് ക്ഷേത്രത്തിനു സമീപം വാങ്ങിയ സ്ഥലത്തു ഷെഡ് കെട്ടി താമസം ആരംഭിച്ചത്. വീടുപണിക്കുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. സത്യൻ ഇവിടെയല്ല താമസിച്ചിരുന്നത്.