കിഴക്കഞ്ചേരി 1 വില്ലേജ് പൂർണമായും പരിസ്ഥിതി ലോല പ്രദേശം
Mail This Article
വടക്കഞ്ചേരി∙ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഡിസംബറിൽ പുറത്തിറക്കുമെന്നു സൂചന. ഇതു സംബന്ധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഹൈക്കോടതിൽ ഹർജി നൽകുകയും ഡിസംബർ 4 വരെ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നു കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ജനവാസമേഖലകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കിയ ജിയോ കോഡിനേറ്റ്സ് മാപ്പ് കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കേരള സർക്കാർ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.2024 ജൂലൈ 31 ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ പൂർണമായും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.
ഇതിൽ മാറ്റം വരുത്തണമെന്നും ജനവാസമേഖലകൾ ഒഴിവാക്കി മാപ്പ് പ്രസിദ്ധീകരിക്കണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ഇതുവരെ ആരും ചെവിക്കൊണ്ടിട്ടില്ല.കിഴക്കഞ്ചേരി 1 വില്ലേജിലെ പാലക്കുഴി, കണച്ചിപ്പരുത, പനംകുറ്റി, വാൽക്കുളമ്പ്, കോട്ടേക്കുളം, കണ്ണംകുളം, പനമ്പള്ളിക്കുളമ്പ്, മേസ്തിരിക്കുളമ്പ്, ആരോഗ്യപുരം, കോരൻചിറ, കുന്നംകാട്, കുണ്ടുകാട്, കിഴക്കഞ്ചേരി, മൂലങ്കോട്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളും പഞ്ചായത്ത് ഓഫിസ്, സ്കൂളുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി തിണ്ടില്ലം ജലവൈദ്യുത പദ്ധതി പ്രദേശം ഉൾപ്പെടെ നിലവിലെ മാപ്പിലുണ്ട്.
മുഴുവൻ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിലേക്ക് വരികയും കർശനമായ പരിസ്ഥിതി നിയമങ്ങളും നിയന്ത്രണങ്ങളും വരികയും ചെയ്താൽ കൃഷിയും ജനജീവിതവും ദുരിതപൂർണമാകുമെന്നും പുതിയ മാപ്പ് ഉടൻ പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി പഞ്ചായത്ത് പ്രത്യേക ടീമിനെ നിയോഗിക്കണം. അഞ്ചു ശതമാനം മാത്രം വനമുള്ള കിഴക്കഞ്ചേരിയിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പഞ്ചായത്തുകൾ 2024 മേയ് മാസത്തിൽ നൽകിയ മാപ്പിന് എന്ത് സംഭവിച്ചു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ജില്ലയിലെ 14 വില്ലേജുകളിൽ നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കി എന്നാണ് കേരള സർക്കാർ പറയുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്പര വിരുദ്ധമായ രണ്ടു മാപ്പുകളാണുള്ളത്. ഇതിൽ ഏതാണ് അന്തിമ മാപ്പ് എന്ന ചോദ്യത്തിന് ഉത്തരമില്ല. ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് തിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.