ട്രെയിൻ കാത്തിരുന്നു മുഷിയേണ്ട ഷൊർണൂരിൽ ആധുനിക വിശ്രമ കേന്ദ്രം തുറക്കുന്നു
Mail This Article
ഷൊർണൂർ ∙ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ മണിക്കൂറുകളോളം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരുന്നു മുഷിയേണ്ടതില്ല. അത്യാധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച വിശ്രമ ഹാൾ തുറക്കുന്നു. ഒരു മണിക്കൂറിന് ഒരാൾക്ക് 30 രൂപയാണു നിരക്ക്. പുതിയ വിശ്രമ ഹാളിൽ പ്രീമിയം പുഷ്ബാക് സീറ്റ്, ശീതീകരിച്ച ഹാൾ, സ്ത്രീകൾ, പുരുഷന്മാർ, അംഗപരിമിതർ എന്നിവർക്കു പ്രത്യേക ശുചിമുറികൾ, ടിവി, വൈഫൈ, മിനി ലൈബ്രറി, കോഫി ഷോപ്പ്, യാത്രയ്ക്ക് അത്യാവശ്യമുള്ള സാധനങ്ങൾ തുടങ്ങിയവ പുതിയ വിശ്രമഹാളിൽ ഉണ്ടാകും. ആവശ്യമായ സാധനങ്ങൾക്കു തുക നൽകണം.ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് 50 പേർക്ക് ഇരിക്കാവുന്ന ഹാൾ ഒരുക്കിയിട്ടുള്ളത്.
അതിനു മുന്നിൽത്തന്നെ ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമ ഹാളിൽ 2 സ്റ്റാഫ് ഉണ്ടാകും. ആലത്തൂർ അശ്വതി എന്റർപ്രൈസസ് ഏജൻസിയാണ് 5 വർഷത്തേക്കു റെയിൽവേയുടെ കരാർ ഒപ്പിട്ടിട്ടുള്ളത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായാണു പുതിയ വിശ്രമ മുറി. സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ശീതീകരിച്ച വിശ്രമ ഹാൾ നിലവിലുണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ ഹാൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇതാദ്യമാണ്.