103 വയസ്സുള്ള വോട്ടിന് മുല്ലപ്പൂ ഭംഗി; 15 വർഷത്തിനു ശേഷം റുഖിയയും സൈനബയും കണ്ടു, പോളിങ് ബൂത്തിൽ
Mail This Article
പാലക്കാട് ∙ പുതുപ്പള്ളിത്തെരുവിലെ വി.മുഹമ്മദിന്റെ വോട്ടിനു മുല്ലപ്പൂവിനെക്കാൾ ചന്തമുണ്ട്, മണമുണ്ട്.103 വയസ്സുള്ള ‘പൂ മുഹമ്മദ്ക്കാ’ ഇന്നലെ രാവിലെ 7.30ന് നെയ്ത്തുക്കാരത്തെരുവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്നു പതിവുപോലെ കട തുറന്നു പൂവിൽപന തുടങ്ങി.ബൂത്തിലെത്തിയ ഉടൻ ‘വരിയൊന്നും നിൽക്കേണ്ട വരൂ വോട്ട് ചെയ്യാം’ എന്നു പറഞ്ഞു പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോയതും ഇദ്ദേഹത്തിന് ഏറെ ഇഷ്ടമായി. വോട്ടവകാശത്തിനു പ്രായം തികഞ്ഞ അന്നു മുതൽ വോട്ട് ചെയ്തു തുടങ്ങിയതാണ്, ഇന്നുവരെ മുടക്കിയിട്ടില്ല. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മുഹമ്മദിനൊപ്പം സെൽഫി എടുത്തു.
അതും സന്തോഷമായി.രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പാലക്കാട്ടെത്തിയപ്പോൾ മാലയിട്ടു സ്വീകരിച്ചതിന്റെ ഓർമകൾ പറയുമ്പോൾ ആ മുഖത്തെ ചിരിക്കു മുല്ലപ്പൂവിനെക്കാൾ ചന്തമുണ്ട്.നൂറണി റോഡിന്റെ തുടക്കത്തിൽ മരപ്പലകയുള്ള ചെറിയ കടയിലാണു പൂക്കച്ചവടം. എന്നും രാവിലെ 6.30നു വീട്ടിൽ നിന്നു നടന്നു കടയിലെത്തി കച്ചവടം ആരംഭിക്കും. മകളുടെ മകൻ റിയാസ് ബാബുവും പാലക്കാട്ട് പൂക്കച്ചവടക്കാരനാണ്. മുഹമ്മദിനു വിൽപനയ്ക്കാവശ്യമായ പൂക്കൾ എത്തിച്ചു കൊടുക്കുന്നതും റിയാസ് ബാബുവാണ്. വോട്ടിനെക്കുറിച്ച് എന്താണു പറയാനുള്ളത് എന്നു ചോദിച്ചപ്പോൾ ‘വോട്ട് മുടക്കരുത്’ എന്നാണു ചിരിയോടെയുള്ള മറുപടി.
15 വർഷത്തിനു ശേഷം റുഖിയയും സൈനബയും കണ്ടു,പോളിങ് ബൂത്തിൽ
പാലക്കാട്∙ ‘റബ്ബേ... റുഖിയത്താത്ത...!’ ‘ന്റെ സൈനബാ...’ 15 വർഷങ്ങൾക്കു ശേഷം തമ്മിൽക്കണ്ട റുഖിയയും സൈനബയും പരസ്പരം കയ്യിൽ ചുംബിച്ചു. കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് 88 വയസ്സുകാരി റുഖിയ സുലൈമാനും 83 വയസ്സുകാരി സൈനബയും കണ്ടത്.പുതുക്കുളങ്ങരയിലാണ് ഇരുവരും താമസിക്കുന്നത്. വീടുകൾ തമ്മിൽ 350 മീറ്ററിന്റെ വ്യത്യാസമേയുള്ളൂ എങ്കിലും വാർധക്യസഹജമായ പ്രശ്നങ്ങൾ കാരണം ഇരുവരും വീടിനു പുറത്തിറങ്ങാറില്ല. വിവാഹശേഷം പുതുക്കുളങ്ങരയിൽ എത്തിയ റുഖിയയും സൈനബയും തമ്മിൽ വർഷങ്ങളുടെ സൗഹൃദമുണ്ട്. അന്നത്തെ കാലത്തെക്കുറിച്ചു റുഖിയ മക്കളോടു പറഞ്ഞു: ‘ഞങ്ങൾ ഉച്ചയൂണു കഴിഞ്ഞ് ഒന്നു കാണും. കൊച്ചുവർത്തമാനം പറയും. പാടത്തും പറമ്പത്തും നടക്കും.
ആടിനുള്ള പ്ലാവില പറിക്കാൻ പോകും’. ഉണ്ടാക്കുന്ന ആഹാരവും പരസ്പരം കൈമാറിയിരുന്നു.തന്റെ പേരുള്ള പാട്ട് സിനിമയിൽ വന്ന ശേഷം റുഖിയത്താത്ത കാണുമ്പോൾ ‘ഓ... സൈനബ... അഴകുള്ള സൈനബ’ എന്നു പാടിയിരുന്നതായി സൈനബ ഓർത്തുപറഞ്ഞതോടെ മക്കളും ചിരിച്ചു. ഇരുവർക്കും നടക്കാൻ ബുദ്ധിമുട്ടായതോടെ വീടിനു പുറത്ത് ഇറങ്ങാതെയായി. ഇതോടെ ഇരുവരും തമ്മിൽ കാണാതെയായി.വാഹനത്തിൽ കൊണ്ടുവന്ന റുഖിയയെ കസേരയിൽ ഇരുത്തി എടുത്താണു മക്കൾ പോളിങ് ബൂത്തിലേക്ക് എത്തിച്ചത്. വീട്ടിലിരുന്നു വോട്ടു ചെയ്യാമായിരുന്നെങ്കിലും അപേക്ഷിച്ചിരുന്നില്ല. റുഖിയയെയും സൈനബയെയും പോലെ, പോളിങ് ബൂത്തുകളിൽ എത്തിയ പ്രായമായ പലരും സുഹൃത്തുക്കളെയും പരിചയക്കാരെയും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു.