ആലത്തൂർ കൃഷിഭവൻ പരിധിയിൽ രണ്ടാംവിള നെൽക്കൃഷി ആരംഭിച്ചു
Mail This Article
ആലത്തൂർ∙ കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽ രണ്ടാം വിള നെൽക്കൃഷി ആരംഭിച്ചു. മൂപ്പു കുറഞ്ഞ ഇനങ്ങളായ ജ്യോതി, കാഞ്ചന, മധ്യകാല മൂപ്പുള്ള ഉമ, തവളക്കണ്ണൻ, ടിപിഎസ്–5 എന്നിവയാണ് കൃഷിയിറക്കുന്നത്.മൂപ്പുകുറഞ്ഞവയുടെ ഞാറ്റടിക്കാലം 18–20 ദിവസങ്ങളും മധ്യകാല ഇനങ്ങളുടെ 22–25 ദിവസങ്ങളുമാണ്. കർഷകർ കൂട്ടായ്മയോടെ കോമൺ നഴ്സറി തയാറാക്കിയും നടീൽ ആരംഭിക്കാം. നടീൽ നടത്തുന്ന പാടങ്ങളിൽ പറിച്ചു നടത്തുമ്പോൾ ചെടികൾ തമ്മിലും നുരികൾ തമ്മിലും 25 സെന്റിമീറ്റർ വരത്തക്കവിധം ഒരു നുരിയിൽ 5 ചെടികൾ വരുന്നതു പോലെ നടുക നട്ട് 3 ദിവസത്തിനുള്ളിൽ സാത്തി (പൈറോസോൻ സൾഫ്യൂറോൺ) എന്ന കളനാശിനി 80 ഗ്രാം പാക്കറ്റ് ഏക്കറിനു അടിവളത്തിന്റെ രാസവളമായോ മണലുമായോ കലർത്തി എറിയുന്നത് മെച്ചപ്പെട്ട നിയന്ത്രണത്തിനു സാധ്യമാക്കാം.രണ്ടാം വിള നെൽക്കൃഷിയിൽ നട്ട് 3–5 ദിവസങ്ങൾക്കുള്ളിൽ ഏക്കറിന് 90 കിലോഗ്രാം സിംഗിൽ സൂപ്പർഫോസ്ഫേറ്റ്, രാജ്ഫോസ്, മസ്സുറീഫോസ്, 33 കിലോഗ്രാം യൂറിയ, 15 കിലോഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി നൽകാം.
ചേറ്റുവിതയാണെങ്കിൽ നിലം നന്നായി ഉഴുതു നിരത്തി ഏക്കറിനു 100 കിലോഗ്രാം കുമ്മായം ചേർക്കുക. 4 ദിവസം കഴിഞ്ഞ് വെള്ളം ഇറക്കിയ ശേഷം വിത്ത് വിതറാം.ചേറ്റുവിതയ്ക്ക് ഏക്കറിനു 32–40 കിലോഗ്രാം വരെ വിത്ത് ആവശ്യമാണ്. വിത്ത് നന്നായി കഴുകി വൃത്തിയാക്കി 18 മണിക്കൂർ നേരം വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഒരു കിലോഗ്രാം വിത്തിനു 20 ഗ്രാം സ്യൂഡോമൊണാസ് ചേർക്കുന്നത് ഓലകരിച്ചിൽ രോഗം തടയും. വെള്ളത്തിൽ ഇട്ടു വച്ച വിത്തുകൾ വെള്ളം വാർത്ത് ചാക്കിൽ കെട്ടി 48 മണിക്കൂർ വച്ച ശേഷം വിതയ്ക്കാം. ചേറ്റുവിത നടത്തുന്ന പാടങ്ങളിൽ കളശല്യം കുറയ്ക്കാൻ വിത്ത് വിതയ്ക്കുന്നതിനു മുൻപ് തന്നെ കളനാശിനി പ്രയോഗിക്കാം.നന്നായി ഉഴവാക്കിയ പാടത്ത് ട്രൈയഫോമോൺ, ഈതോക്സി സൾഫുറോൺ എന്ന കളനാശിനി 45 ഗ്രാം ഒരു ഏക്കറിനു എന്ന തോതിൽ 20 കിലോഗ്രാം മണലുമായോ യൂറിയയുമായോ നന്നായി കലർത്തി പാടത്ത് വിതറുക. കളനാശിനി ഇട്ട ശേഷം പാടത്ത് വെള്ളം കയറ്റാനോ ഇറക്കാനോ ശ്രമിക്കരുത്. കളനാശിനി ഇട്ട് 3 ദിവസത്തിനു ശേഷം മുളപ്പിച്ച വിത്ത് വിതയ്ക്കാം. ഈ വിധത്തിൽ കൃഷിയിറക്കിയാൽ ഏക്കറിനു 2 –2.5 ടൺ വരെ വിളവ് ലഭിക്കും.