ഇരട്ട വോട്ടർമാരിൽ പലരും വോട്ട് ചെയ്യാനെത്തിയില്ല; ഉദ്യോഗസ്ഥർ കണ്ടെത്തിയത് 167 ഇരട്ട വോട്ടുകൾ
Mail This Article
പാലക്കാട് ∙ വോട്ടർപട്ടികയിൽ രണ്ടു മണ്ഡലങ്ങളിൽ വോട്ടുള്ളതായി (ഇരട്ട വോട്ടർമാർ) ഉദ്യോഗസ്ഥർ കണ്ടെത്തിയ 167 വോട്ടർമാരിൽ പലരും വോട്ട് ചെയ്യാനെത്തിയില്ല. 49 ബൂത്തുകളിലായാണ് ഇത്രയും ഇരട്ട വോട്ടർമാരെ കണ്ടെത്തിയിരുന്നത്. ഇവരുടെ പ്രത്യേക പട്ടികയും തയാറാക്കിയിരുന്നു.എന്നാൽ, ഇതിൽ കുറച്ചുപേർ മാത്രമാണു വോട്ട് ചെയ്യാനെത്തിയത്. ഇവരുടെ ഫോട്ടോ എടുത്ത്, സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങി വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുകയായിരുന്നു. വ്യാജവോട്ട് ആരോപണം വിവാദമായതോടെയാണു പലരും വോട്ട് ചെയ്യാതിരുന്നതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.അതേസമയം, 2700 വ്യാജ വോട്ടർമാരുണ്ടെന്നായിരുന്നു എൽഡിഎഫ് കലക്ടർക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
സിപിഎം പത്രപ്പരസ്യം ബിജെപിയെ വിജയിപ്പിക്കാൻ: കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ ജനങ്ങളെ ചേരിതിരിച്ച് ബിജെപി ജയിപ്പിക്കാനാണ് സിപിഎമ്മിന്റെ പത്രപ്പരസ്യമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കണമെന്നും അതിലൂടെ ബിജെപിക്ക് ഗുണം കിട്ടണമെന്നുമുള്ള കണക്കുകൂട്ടലാണ് പരസ്യത്തിനു പിന്നിൽ. സർക്കാരിന്റെ നേട്ടങ്ങളൊന്നും പറയുന്നുമില്ല. സന്ദീപ് വാരിയർക്കെതിരെ പത്രത്തിൽ കൊടുത്തത് വർഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്.പത്രത്തിൽ വന്ന പരസ്യത്തെ സമസ്തതന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയാണുള്ളത്?ഒരാൾ ബിജെപി വിട്ടു കോൺഗ്രസിൽ പോയതിനു സിപിഎം എന്തിനാണ് കരയുന്നത്?
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോയെന്നു സിപിഎം ശ്രമിക്കുകയാണ്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പറയുന്നതും ഇതേ ലക്ഷ്യം വച്ചാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുനമ്പത്ത് പ്രശ്നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങൾ ശ്രമം നടത്തുമ്പോൾ അതിൽനിന്ന് വിഷയംമാറ്റി വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്.സാമുദായിക ധ്രുവീകരണനീക്കം നടക്കുമ്പോൾ എന്തു വിമർശനം ഉണ്ടായാലും സാദിഖലി ശിഹാബ് തങ്ങൾ ശക്തമായി മുന്നോട്ടുപോകും. മുനമ്പം ഒത്തുതീർപ്പു ചർച്ചയ്ക്കു തിരഞ്ഞെടുപ്പുമായി ബന്ധമില്ല.സർക്കാർ ഉത്തരവ് ആവശ്യമുണ്ട്. അത് ഉണ്ടായാൽ ഒറ്റദിവസം കൊണ്ടു വിഷയം പരിഹരിക്കാവുന്നതേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്തു ബിജെപിയും വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നിൽ നിന്നു നയിച്ച് കലക്ടർ,പരാതികളില്ലാതെ വോട്ടെടുപ്പ്
പാലക്കാട് ∙ പ്രചാരണത്തിൽ ട്വിസ്റ്റുകളും ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞെങ്കിലും വോട്ടെടുപ്പു പൊതുവേ സമാധാനപരമായിരുന്നു. വെണ്ണക്കരയിലെ ബൂത്തിൽ അവസാന മണിക്കൂറിൽ ചെറിയ തർക്കങ്ങളുണ്ടായതൊഴികെ മറ്റ് അനിഷ്ടസംഭവങ്ങളില്ല. പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും ജാഗ്രതയുമായിരുന്നു കാരണം. ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഎസ്പി അശ്വതി ജിജി, ആർഡിഒ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കലക്ടറേറ്റിലെ കൺട്രോൾ റൂമിലിരുന്നു മുഴുവൻ സമയവും വെബ് കാസ്റ്റിങ് നിരീക്ഷിച്ചു. ചെറിയ പ്രശ്നങ്ങളുണ്ടായ ബൂത്തുകളിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയും നേരിട്ടെത്തി പരിഹരിച്ചു.