ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 7 പേർക്കു പരുക്ക്
Mail This Article
ഒറ്റപ്പാലം∙ പത്തംകുളത്തു ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 7 പേർക്കു പരുക്ക്. വാണിയംകുളം - കോതകുറുശ്ശി റോഡിൽ സീഡ് ഫാമിനു സമീപം ഇന്നലെ രാവിലെ എട്ടേമുക്കാലോടെയായിരുന്നു അപകടം. പരുക്കുകൾ ഗുരുതരമല്ല.നെല്ലായ കുളക്കാടൻതൊടി കെ.ജിനു (41), വാണിയംകുളം കുന്നത്തുവീട്ടിൽ കെ.സഫിയ (37), കാറൽമണ്ണ നിരവത്ത്പറമ്പ് പുത്തൻവീട്ടിൽ എൻ.പി.ഹരി (42), അനങ്ങനടി കള്ളിവളപ്പിൽ ശാന്തകുമാരി (60), കോതകുറുശ്ശി പുളിക്കൽ മുഹമ്മദ് സുധീർ (44), വിദ്യാർഥികളായ പത്തംകുളം സ്വദേശിനി അൻഷിദ ഷാനി (16), പത്തംകുളം ആൽത്തറ സ്വദേശിനി ഇ.പി.ഇബ (17) എന്നിവർക്കാണു പരുക്കേറ്റത്.
6 പേർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും ഒരാൾ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഉണ്ടായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കോതകുറുശ്ശി ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും പിന്നിലുണ്ടായിരുന്ന ബസുമാണ് അപകടത്തിൽപെട്ടത്.മുന്നിൽ പോയിരുന്ന ലോറി റോഡിന്റെ വലതുഭാഗത്തേക്കു പെട്ടെന്നു തിരിച്ചതോടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്നു ലോറി പാതയോരത്തെ മതിലിൽ ഇടിച്ചു.