ADVERTISEMENT

പുതുശ്ശേരി ∙ കഞ്ചിക്കോടിനെ വിറപ്പിച്ചു വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. ഇന്നലെ വൈകിട്ടോടെ ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം ചെല്ലങ്കാവ്, പയറ്റുകാട് മേഖലകളിലായി ഇരുപതോളം തെങ്ങുകൾ കുത്തിമറിച്ചിട്ട്, ഏക്കർ കണക്കിനു നെൽപാടം ചവിട്ടി നശിപ്പിച്ചു. കാട്ടാനക്കൂട്ടത്തിനു മുന്നിൽ കുടുങ്ങിയ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കാട്ടരുവുകളിൽ വെള്ളവും വനത്തിൽ ഭക്ഷണവും ലഭിച്ചു തുടങ്ങിയിട്ടും കാട്ടാനക്കൂട്ടം കാടു കയറുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ 2 മാസത്തിലേറെയായി 15 അംഗം കാട്ടാനക്കൂട്ടം കഞ്ചിക്കോട് വനയോരമേഖലയിൽ വിഹരിക്കുന്നുണ്ട്. ഇടയ്ക്കു കാടു കയറാറുണ്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇവ തിരിച്ചെത്തുന്നതാണ് പതിവ്. നെൽപാടങ്ങളിൽ മെതിച്ചെത്തി നെല്ലു മുഴുവൻ തിന്നു തീർക്കുന്നതാണ് ആനക്കൂട്ടത്തിന്റെ പതിവെന്നും കർഷകർ പറയുന്നു. സ്‌ഥലത്തു കൂടുതൽ വാച്ചർമാരെ എത്തിച്ച് പടക്കമെറിഞ്ഞു ആനക്കൂട്ടത്തെ ഉൾവനത്തിലേക്കു കയറ്റിയെങ്കിലും വീണ്ടും തിരിച്ചെത്തിയതോടെ വനംവകുപ്പും പ്രയാസത്തിലാണ്. ഉദ്യോഗസ്‌ഥർക്കു നേരെയും ഇവ പാഞ്ഞെടുക്കുന്നതിനാൽ വനംവകുപ്പും ഭീതിയിലാണ്.

ഇവയ്ക്കൊപ്പം 2 കുട്ടിയാനകളുമുണ്ട്. റെയിൽവേ ട്രാക്ക് കടന്നാണ് ഇവ ജനവാസമേഖലയിലേക്ക് എത്തുന്നത്. ഇതിനാൽ കാട്ടാനക്കൂട്ടത്തെ ട്രെയിൻ ഇടിക്കാനും സാധ്യതയുണ്ട്. നേരത്തെ ഈ മേഖലയിലാണ് ട്രെയിൻ തട്ടി 2 കാട്ടാനകൾ ചരിഞ്ഞത്. ആനക്കൂട്ടം ആക്രമണ സ്വഭാവം കാണിക്കുന്നതിനാൽ കുങ്കിയാനയെത്തിച്ച് ഇവയെ  ഉൾവനത്തിലേക്കു കയറ്റണമെന്നാണ് കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്. വിഷയത്തിൽ വനംവകുപ്പ് നടപടി നീളുകയാണെങ്കിൽ ജനകീയ സമരവുമായി രംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് അംഗം പി.ബി.ഗിരീഷ്കുമാർ അറിയിച്ചു.

English Summary:

A herd of wild animals, including elephants and wildebeests, has been causing disruptions in Kanjikode by entering residential areas and farmlands, uprooting trees, and destroying crops. Despite efforts to manage these animals using firecrackers, the forest department faces challenges as these animals return, raising concerns among locals for their safety and urging further action to prevent accidents and property damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com