വടക്കഞ്ചേരി ടൗണിലെ അഴിയാക്കുരുക്ക് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഇന്ന്
Mail This Article
വടക്കഞ്ചേരി ∙ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഇന്ന് നടക്കും. വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 11ന് പി.പി.സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ വ്യാപാരി സംഘടനകളും രാഷ്ട്രീയ കക്ഷി നേതാക്കളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും. വഴിയോരക്കച്ചവടവും നടപ്പാത കയ്യേറി കച്ചവടവും അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാൻ ശക്തമായ നടപടി പഞ്ചായത്തും പൊലീസും സ്വീകരിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു. രാവിലെ മുതൽ പെട്ടിവണ്ടി വഴിയിലിട്ടു കച്ചവടം നടത്തുന്നതായും ഇതിന് പഞ്ചായത്ത് അധികൃതർ പിന്തുണ നൽകുന്നതായും വ്യാപാരികൾ അറിയിച്ചു. പഞ്ചായത്തും ജനപ്രതിനിധികളും നിശ്ചയ്ക്കുന്ന നടപടി നടപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.രാത്രി 7ന് ശേഷം വഴിയോരക്കച്ചവടം നടത്തണമെന്നാണ് മുൻപ് വ്യാപാരികളും പഞ്ചായത്ത് അധികൃതരും പൊലീസും നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണ.
എന്നാൽ രാഷ്ട്രീയ പാർട്ടികൾ തന്നെ ധാരണ അട്ടിമറിച്ചു. വഴിയോരക്കച്ചവടക്കാരുടെ സംഘടനകൾ കച്ചവട സ്ഥാപനങ്ങൾക്ക് മുൻപിൽ വാഹനമിട്ട് നടത്തുന്ന കച്ചവടത്തെ അനുകൂലിച്ച് രംഗത്ത് വന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.വൻതുക വാടകയും പഞ്ചായത്തിലേക്ക് ലൈസൻസ് ഫീസും നികുതിയും പഞ്ചായത്ത് നിശ്ചയിച്ച യൂസർ ഫീസും നൽകി കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്കുകുത്തികളാക്കിയാണ് കടകൾക്ക് മുൻപിൽ കച്ചവടമെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നുമാണ് വ്യാപാരികൾ പറയുന്നത്. ടൗണിലെ ട്രാഫിക് സംവിധാനം തന്നെ ഇല്ലാതായി. നടപ്പാത കയ്യേറി കച്ചവടം നടത്തുമ്പോൾ വിദ്യാർഥികളും യാത്രക്കാരും റോഡിലൂടെയാണ് നടക്കുന്നത്.ഓട്ടോറിക്ഷകളുടെ പാർക്കിങ് കൂടെയാകുമ്പോൾ ടൗണിൽ നിന്ന് തിരിയാൻ ഇടമില്ല.ഗതാഗത സ്തംഭനം സ്ഥിരമായതിനാൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിവിധ സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു.