തുടർച്ചയായി റെയിൽവേ ഗേറ്റ് അടച്ചിടൽ; ജനം ദുരിതത്തിൽ
Mail This Article
ലക്കിടി ∙ പറളി - ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ അറ്റകുറ്റപ്പണിക്കായി ലക്കിടി റെയിൽവേ ഗേറ്റ് വീണ്ടും അടച്ചിട്ടതോടെ ജനം ദുരിതത്തൽ. 2 മാസത്തിനിടെ ഇത് നാലാം തവണയാണ് ഗേറ്റ് അടച്ചിടുന്നത്. മേല്‍പ്പാലത്തിനായി നാട്ടുകാര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നതുമാണ്.
സംസ്ഥാനത്ത് 27 റെയില്‍വേ മേല്‍പ്പാലങ്ങള്‍ അനുവദിച്ചപ്പോഴും മണിക്കൂറില്‍ നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന ലക്കിടി പട്ടികയില്‍ ഇടം പിടിച്ചില്ല.മങ്കര റെയില്‍വേ മേല്‍പ്പാലത്തിന് അനുമതിയും ഉദ്ഘാടനവും നടന്നെങ്കിലും പാലക്കാട് - തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയില്‍ നടപടി വൈകുകയാണ്. ഒറ്റപ്പാലത്ത് നിന്നുള്ള സ്വകാര്യ ബസുകൾ ലക്കിടി ഗേറ്റിലെത്തി മടങ്ങുന്നു. തിരുവില്വാമലയിൽ നിന്നുള്ള ബസുകളും ഗേറ്റിന് മറുഭാഗത്തും വന്നു തിരിച്ചു പോകുന്നു.
ദീര്‍ഘദൂര വാഹനങ്ങളാണ് ഗേറ്റ് അടച്ചിടുന്നത് അറിയാതെ ഇതുവഴിയെത്തി ദുരിതം പേറുന്നത്.ഇരുചക്ര വാഹനങ്ങൾ സാഹസികമായി ഭാരതപ്പുഴയിലേക്കു ഇറങ്ങുന്ന ഓവുപാലത്തിന് അടിയിലൂടെ കടന്നു പോകുന്നു. ഗേറ്റിനു സമീപത്തെ തീരദേശറോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി, ഓവുചാല്‍ വഴി യാത്രാക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്ന് രാത്രി 10 വരെ റെയില്‍വേ ഗേറ്റ് അടച്ചിടുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.