ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ: നവീകരണം ഈ മാസം പൂർത്തിയാകുമെന്നു പ്രതീക്ഷ
Mail This Article
ഒറ്റപ്പാലം ∙ റെയിൽവേ സ്റ്റേഷൻ നവീകരണം ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ‘അമൃത് ഭാരത്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നവീകരണം. ഈ മാസം മുപ്പതോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണു വിലയിരുത്തൽ. ഇടക്കാലത്തു മന്ദഗതിയിലായിരുന്ന നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായി. അമൃത് ഭാരത് പദ്ധതി പ്രകാരം 10.761 കോടി രൂപ ചെലവഴിച്ചാണു നവീകരണം. 2023 നവംബറിലായിരുന്നു നവീകരണത്തിനു തുടക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വൈകി. നിലവിലെ പാർക്കിങ് കേന്ദ്രത്തിന്റെ നവീകരണം അന്തിമഘട്ടത്തിലാണ്. ഇവിടെ മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്.
രണ്ടാമത്തെ പാർക്കിങ് കേന്ദ്ര നിർമാണവും ഏകദേശം പൂർത്തിയായി.സ്റ്റേഷന്റെ മുൻവശം നവീകരിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര നവീകരണവും പൂർത്തിയാകുന്നു. നേരത്തെ മേൽക്കൂരകളില്ലാത്ത ഭാഗങ്ങളിൽ 16 മീറ്റർ നീളം വീതമുള്ള മേൽക്കൂരകളാണു നിർമിക്കുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്റ്റേഷന്റെ മുഖംമിനുക്കൽ, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര വിപുലീകരണം, പാർക്കിങ് കേന്ദ്രങ്ങളുടെ നവീകരണവും വിപുലീകരണവും ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങൾ, ശുചിമുറികൾ, ചെറുഭക്ഷണശാലകൾ, സ്റ്റേഷനു മുൻവശത്തെ റോഡുകളുടെ നവീകരണം എന്നിവയാണു നടപ്പാക്കുന്നത്. പാലക്കാട് ഡിവിഷൻ പരിധിയിൽ 16 സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.