കാട്ടുപന്നികളെ ഭയന്ന് വേണം ഈ വഴി യാത്ര
Mail This Article
കല്ലടിക്കോട്∙ കല്ലടിക്കോടൻ മലയോര മേഖലകളിൽ രാത്രി യാത്രക്കാർ സൂക്ഷിക്കുക. വാഹനയാത്രക്കാർക്കു ഭീഷണിയായി കാട്ടുപന്നിക്കൂട്ടങ്ങൾ. കാടു കയറിയ കനാൽ റോഡുകളിലും മലയോര പ്രദേശത്തേക്കുള്ള റോഡുകളിലുമെല്ലാം കാട്ടുപന്നിക്കുട്ടങ്ങൾ യാത്രക്കാരെ ഭീതിയിലാക്കുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ മാത്രം 4 വാഹനങ്ങളാണു കല്ലടിക്കോട് പാങ്ങ് റോഡിൽ പന്നികൾക്കു മുന്നിൽപെട്ടത്. പന്നിയെ ഇടിച്ചു മറിഞ്ഞു ബൈക്ക് യാത്രക്കാരനായ യുവാവിനു സാരമായി പരുക്കേറ്റിരുന്നു. മലയോര ജനവാസ പ്രദേശത്തു കൂടി കടന്നു പോകുന്ന കനാൽ റോഡിലാണു കാട്ടുപന്നികൾ ഏറെയും രാത്രി ശല്യമാകുന്നത്. പന്നിയിടിച്ചുണ്ടായ അപകടത്തെ തുടർന്നു കുറച്ചു ഭാഗം കാടു വെട്ടിയെങ്കിലും ഭൂരിഭാഗവും വശങ്ങൾ കാടു കയറിയ നിലയിലാണ്.
പാങ്ങ്, പറക്കിലടി, കുന്നേമുറി, ചുങ്കം, വാക്കോട്, മരുതംകാട്, ചെമ്പൻതിട്ട തുടങ്ങി മലയോര, ജനവാസ പ്രദേശങ്ങൾ വ്യത്യാസമില്ലാതെ പന്നിശല്യം വ്യാപകമാണ്. റോഡലേക്കിറങ്ങുന്ന പന്നികൾ ഏറെയും ഇരുചക്ര വാഹന യാത്രക്കാർക്കാണു ഭീഷണിയാകുന്നത്. റോഡിന്റെ ഇരുവശത്തും വളർന്ന കാടു വെട്ടി മാറ്റാതെ ഭീഷണി ഒഴിവാക്കാനാകില്ലെന്നു നാട്ടുകാർ പറയുന്നു.