ട്രെയിൻ സമയം അറിയണോ, നവനീതിനോടു ചോദിക്കാം
Mail This Article
ഇളമണ്ണൂർ (അടൂർ) ∙ ട്രെയിനുകളുടെ സമയം മനഃപാഠമാക്കി പറയുന്ന നവനീത് കൃഷ്ണ എന്ന എട്ടാം ക്ലാസുകാരൻ ശ്രദ്ധ നേടുന്നു. ട്രെയിനുകളുടെ നമ്പരുകളും പേരുകളും പറഞ്ഞാൽ അത് ഏതു സ്ഥലത്തേക്കു പോകുന്ന ട്രെയിനാണെന്നു പറയാനുള്ള കഴിവും ഇളമണ്ണൂർ നീലാംബരിയിൽ ഉണ്ണിക്കൃഷ്ണൻ – അശ്വതി ദമ്പതികളുടെ ഏക മകനുണ്ട്. 3–ാം വയസ്സിൽ മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകുന്നതിനായി കൊല്ലം–ചെന്നൈ എഗ്മൂർ ട്രെയിനിൽ ആദ്യമായി കയറിയപ്പോഴാണ് ട്രെയിനിനെക്കുറിച്ച് അറിയാനുള്ള താൽപര്യം തോന്നിത്തുടങ്ങിയത്.
3–ാം ക്ലാസിൽ എത്തിയപ്പോൾ ട്രെയിനുകളുടെ സമയവും നമ്പരും പേരുകളും പഠിച്ചു. എഴുപതിലേറെ ട്രെയിനുകളുടെ സമയം ആരും ചോദിച്ചാലും കാണാതെ പറയാനുള്ള കഴിവും ഈ മിടുക്കൻ ആർജിച്ച് കഴിഞ്ഞു.ട്രെയിനിന്റെ സമയ മാറ്റം അപ്പോൾ തന്നെ റെയിൽവേ ആപ് വഴി അറിയുകയും അത് ബുക്കിൽ എഴുതിവച്ച ശേഷം മനഃപാഠമാക്കുകയും ചെയ്യും.
ഇനി ട്രെയിനുകളുടെ പേരും സമയവും നമ്പരുമടങ്ങുന്ന ബുക്ക് ഇറക്കാനുള്ള തയാറെടുപ്പിലാണ് നവനീത്. ഇതുവരെ ട്രെയിനുകളിൽ യാത്ര ചെയ്തതിന്റെ ടിക്കറ്റുകൾ, 30 രാജ്യങ്ങളിലെ നാണയങ്ങൾ, 20 രാജ്യങ്ങളിലെ കറൻസികളുടെ ശേഖരം തുടങ്ങിയവ ഈ 13 വയസ്സുകാരന്റെ കയ്യിലുണ്ട്. ട്രെയിനുകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനും മറ്റുമായി നവനീത് കൃഷ്ണ എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. റെയിൽവേയിൽ ടിടിആർ ആകണമെന്നാണ് നവനീതിന്റെ മോഹം.