കാരുണ്യമൂർത്തിയുടെ കൃപാകടാക്ഷവുമായി...
Mail This Article
എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി
ഭഗവത്പൂജയ്ക്കു നീക്കിവച്ച ജീവിതവുമായാണു ഭഗവാനും ഭക്തനും ഒന്നായ സന്നിധിയിലേക്കു മാവേലിക്കര തട്ടാരമ്പലം കളീക്കൽ മഠത്തിൽ എൻ.പരമേശ്വരൻ നമ്പൂതിരി (49) മലകയറിയത്.ഇരുമുടിക്കെട്ടുമായി സഹോദരന്മാരായ നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിവരും ഇളയ മകൻ വിഷ്ണു നമ്പൂതിരി എന്നിവരും ഒപ്പമുണ്ട്. ഇല്ലത്തായിരുന്നു കെട്ടു നിറയ്ക്കൽ, ആഘോഷമായ ചടങ്ങായിരുന്നു.
ശബരിമലയിലെ ആദ്യത്തെ പുറപ്പെടാശാന്തിയായ ഗോവിന്ദൻ നമ്പൂതിരി കെട്ടു മുറുക്കി. കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തിയാണു പമ്പയിൽ എത്തിയത്.പന്തളം കൊട്ടാരം, താഴമൺ മഠം, എന്നിവിടങ്ങളിൽ എത്തി അനുഗ്രഹം വാങ്ങി. തൃശൂർ വടക്കുന്നാഥ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മണ്ണാറശാല, തിരുവല്ലം, ആറ്റുകാൽ, മാവേലിക്കര, ഏവൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണു ശബരിമല യാത്രയ്ക്ക് ഒരുങ്ങിയത്.
ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി
മാളികപ്പുറത്തമ്മയുടെ പുതിയ മേൽശാന്തി കോഴിക്കോട് പന്നിയങ്കര കല്ലായി ഋഷി നിവാസിൽ ശംഭു നമ്പൂതിരി (49)യുടെ മനസ്സു നിറയെ പരാശക്തിയുടെ ഓർമകൾ. താൻ മേൽശാന്തിയായിരുന്ന കോഴിക്കോട് കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രത്തിൽ കെട്ടു നിറച്ചാണു സന്നിധാനത്തേക്കു തിരിച്ചത്. മകൻ ഋഷികേശ്, ഇളയച്ഛൻ ഹരീന്ദ്രൻ നമ്പൂതിരി, ഭാര്യാസഹോദരൻ ഗോവിന്ദൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരോടൊപ്പമാണു മല ചവിട്ടിയത്.ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ദേവിയുടെ അനുഗ്രഹത്താൽ ലഭിച്ചതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുറപ്പെടാശാന്തിയായി ഒരു വർഷം സന്നിധാനത്തിൽ കഴിയാൻ മാനസികവും ശാരീരികവുമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയാണു പുറപ്പെട്ടത്. ശക്തിസ്വരൂപിണിയും ഇഷ്ടവരദായനിയുമായ ഭഗവതിയെ പൂജിക്കാൻ അവസരം കിട്ടിയത് അപൂർവഭാഗ്യമായിട്ടാണു കരുതുന്നത്. അതിനാൽ നറുക്കു വീണപ്പോൾ മുതൽ ഇതിനുള്ള തയാറെടുപ്പായിരുന്നു. കാടാമ്പുഴ, എരുമേലി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണു സന്നിധാനത്ത് എത്തിയത്.
അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി ചിത്തിര ആട്ടത്തിരുനാളിനു സന്നിധാനത്തേക്കു തീർഥാടകർ ഒഴുകി എത്തിയപ്പോൾ മനസ്സു നിറഞ്ഞു. പതിനെട്ടാംപടി കയറാൻ കണ്ട നീണ്ട നിര പ്രതീക്ഷ ഉണർത്തുന്നതായിരുന്നു. ഇത്തവണത്തെ തീർഥാടനം പഴയ രീതിയിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനയാണിത്. മലകയറ്റത്തിന്റെ കാഠിന്യമെല്ലാം അയ്യപ്പദർശനത്തിൽ അലിയും– സത്യമായ പൊന്നുപതിനെട്ടാംപടി ചവിട്ടി തിരുനടയിൽ എത്തി ശബരീശനെ ഒരു മാത്ര കണ്ടാൽ മതി. ദർശനത്തിനു വരുന്നതിനായി വെർച്വൽ ക്യൂ ബുക് ചെയ്തതായി ദിവസവും ഒട്ടേറെ ഭക്തരാണു വിളിച്ചറിയിക്കുന്നത്. പമ്പാനദി നിറഞ്ഞുകവിഞ്ഞാണ് ഒഴുകുന്നത്. മഴയും വെള്ളപ്പൊക്കവും ആശങ്ക ഉയർത്തുന്നതിനാൽ കരുതലോടെ വേണം തീർഥാടകർ എത്താൻ. കാറ്റും മഴയും ഉള്ളപ്പോൾ സുരക്ഷിതമായ സ്ഥാനങ്ങളിൽ മാറിനിൽക്കണം. ശക്തമായ ഒഴുക്കുള്ള സമയത്തു നദിയിൽ ഇറങ്ങുന്നത് അപകടം ഉണ്ടാക്കും. അതിനാൽ ശ്രദ്ധിക്കണം.
കണ്ഠര് മഹേഷ് മോഹനര് (ശബരിമല തന്ത്രി)