എഴുപത്തിമൂന്നാം വയസ്സിൽ കഥകളി അരങ്ങേറ്റം- വിഡിയോ
Mail This Article
തിരുവല്ല ∙ പ്രായത്തിന്റെ പോരായ്മകൾ തെല്ലുമില്ലാതെ ശ്രീവല്ലഭന്റെ സന്നിധിയിൽ എഴുപത്തിമൂന്നുകാരന്റെ പുറപ്പാടിൽ ശ്രീകൃഷ്ണ വേഷം പച്ചകുത്തി നിന്നു. വേഷപ്പകർച്ചയിൽ ഒപ്പം 13 വയസ്സുള്ള 2 വിദ്യാർഥിനികളും. കഥകളിയുടെ അരങ്ങൊഴിയാത്ത ശ്രീവല്ലഭ ക്ഷേത്രത്തിൽ ഇന്നലെ രാത്രി 10.30ന് കോട്ടയം കുടമാളൂർ സായ്നിവാസിൽ വി.ജി.ശ്യാം (73), ഒൻപതാം ക്ലാസ് വിദ്യാർഥികളായ നീലാംബരി, ദേവീനന്ദന എന്നിവരാണ് കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീകൃഷ്ണ സ്തുതികളും വന്ദനവുമാണ് പുറപ്പാടിൽ അവതരിപ്പിച്ചത്. കഥകളി പ്രേമികളുടെ മുന്നിൽ കൃഷ്ണമുടി വച്ച പച്ചവേഷമാണ് അരങ്ങിൽ നിറഞ്ഞത്.
ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിൽ പത്നിമാരോടൊത്തു സന്തോഷത്തോടെ കഴിയുന്ന ഭാഗമാണ് പുറപ്പാടിലെ അവതരണ ഭാഗം.കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ തറവാട് ഉൾപ്പെടുന്ന കഥകളി പഠന കേന്ദ്രത്തിലാണ് ഇവർ പഠിച്ചത്. കഥകളി നടൻ പരേതനായ മാത്തൂർ ഗോവിന്ദൻകുട്ടിയുടെ മകനും കഥകളി നടനുമായ കുടമാളൂർ മുരളീകൃഷ്ണന്റെ ശിക്ഷണത്തിലായിരുന്നു പഠനം. 3 വർഷം കൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.വി.ജി.ശ്യാം എക്സൈസ് റിട്ട.സിഐയാണ്. കുടമാളൂർ കൊടയ്ക്കാട്ട് കെ.ജി. സുധീർ ബാബുവിന്റെയും ശ്രീരേഖയുടെയും കളാണ് ദേവീ നന്ദന. അയ്മനം പാണ്ഡവം ആവണിപ്പൊയ്കയിൽ കെ.എസ്. സുമോദിന്റെയും യു.പി.സുജാകുമാരിയുടെയും മകളാണ് നീലാംബരി.