തുടക്കത്തിൽ 50,000 രൂപ വരുമാനം, തരിശായി കിടന്ന പാറപ്പുറങ്ങളിൽ ഡ്രാഗൺ ഫ്രൂട്സ് വിളയിച്ച് നേട്ടം
Mail This Article
തരിശായി കിടന്ന പാറപ്പുറങ്ങളിൽ ഡ്രാഗൺ ഫ്രൂട്സ് വിളയിച്ച് നേട്ടം കൊയ്യുകയാണ് അത്തിക്കയം കരീക്കുന്നേൽ കെ.എസ്.ജോസഫ്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡ്രാഗൺ ഫ്രൂട്സ് കൃഷി ചെയ്തിട്ടുള്ള കർഷകനാണ് അദ്ദേഹം. ഫെഡറൽ ബാങ്ക് മാനേജരായിരുന്നു ജോസഫ്. വിരമിച്ചു കഴിഞ്ഞപ്പോഴാണ് ഡ്രാഗൺ ഫ്രൂട്സ് കൃഷിയിലേക്ക് തിരിഞ്ഞത്. ആദ്യം പച്ചക്കറി നട്ടിരുന്നു. കാട്ടുപന്നി ശല്യം മൂലം വിളവ് കിട്ടാതായി. കാട്ടുപന്നിയെ അതിജീവിക്കാനുള്ള മാർഗം തേടുമ്പോഴാണ് ഡ്രാഗൺ ഫ്രൂട്സിനെപ്പറ്റി അറിയുന്നത്.
2017ൽ ആണ് കൃഷി തുടങ്ങുന്നത്. വനത്തുംമുറിയിലെ 5 ഏക്കർ സ്ഥലത്ത് 200 മൂട് സ്റ്റമ്പാണ് ആദ്യം നട്ടത്. തിരുവനന്തപുരത്തു നിന്നാണ് അവയെത്തിച്ചത്. തുടക്കത്തിൽ 50,000 രൂപ വരുമാനം കിട്ടി. ഇതോടെ ശേഷിക്കുന്ന സ്ഥലത്തും സ്റ്റമ്പുകൾ നട്ടു. 3,000 മൂടുകൾ ഇപ്പോഴുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ 6 മാസം വിളവ് ലഭിക്കും. മാസത്തിൽ 5–7 തവണ വരെ വിളവെടുക്കാം. ഒരു മൂട്ടിൽ നിന്ന് വർഷത്തിൽ 15 കിലോ വിളവ് ലഭിക്കും. 25 വർഷം തുടർച്ചയായി വിളവെടുക്കാം. ജൈവ വളമാണ് ഉപയോഗിക്കുന്നത്. കൂടുതലും കോഴി കാഷ്ഠമാണ്. അതിഥി തൊഴിലാളികളായ 8 പേർ സ്ഥിരമായി പണിക്കുണ്ട്. ഇപ്പോൾ വിളവെടുപ്പ് സമയമാണ്. കിലോയ്ക്ക് 180 രൂപ വരെ വിലയുണ്ടെന്ന് അദ്ദേഹം പറയുന്നു.
സ്റ്റമ്പ് നട്ട ശേഷം കോൺക്രീറ്റ് തൂണുകളിലേക്കു പടർത്തും. പാറപ്പുറത്ത് മണ്ണിട്ടാണ് പല ഭാഗങ്ങളിലും ജോസഫ് സ്റ്റമ്പ് നട്ടിട്ടുള്ളത്. ഇതിനു മുകളിൽ ഷെയ്ഡ്‌വച്ച് പടർത്തും. ഓരോ തണ്ടിലും പഴം കായ്ക്കും. വെള്ളമില്ലാത്ത ചൂട് കാലാവസ്ഥയുള്ള സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യമെന്ന് അദ്ദേഹം പറയുന്നു. ഒരു ഹെക്ടറിന് 32,000 രൂപ ഒരു തവണ കൃഷിഭവനിൽ നിന്ന് സബ്സിഡി ലഭിക്കും. അത്തിക്കയം ജെജെ ഗാർഡനിലെ കൃഷിയെക്കുറിച്ചു പഠിക്കാനും കാണാനും വിദ്യാർഥികൾ അടക്കം എത്തുന്നുണ്ട്. കൃഷിയെ സ്നേഹിക്കുന്ന ജോസഫ് പകൽ സമയത്തെല്ലാം പണിക്കാർക്കൊപ്പം തോട്ടത്തിലുണ്ട്.