ആദിവാസി ഊരിൽ കൂര ചവിട്ടിമെതിച്ച് കാട്ടുപന്നി
Mail This Article
സീതത്തോട് ∙ ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ താമസിക്കുന്ന സനോജ്–ബീന ദമ്പതികളുടെ കൂരയ്ക്കുള്ളിൽ കാട്ടുപന്നി കയറി ഭക്ഷണ സാധനങ്ങളും കുഞ്ഞിന്റെ വസ്ത്രങ്ങളും നശിപ്പിച്ചു. അടയറവ് ഇല്ലാത്ത കൂരയ്ക്കുള്ളിൽ കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി കാട്ടുപന്നിക്കൂട്ടം കയറിയതോടെ 7 മാസം പ്രായം വരുന്ന കുഞ്ഞടക്കം പട്ടിണിയിൽ.
മൂഴിയാർ സായിപ്പിൻകുഴി കോളനിയിൽ താമസിച്ചിരുന്ന ഇരുവരും 5 മാസം മുൻപാണ് മഞ്ഞത്തോട്ടിൽ എത്തിയത്. ആദിവാസികൾക്കു സ്ഥലം നൽകുന്നവരുടെ ലിസ്റ്റിൽ പേരുള്ളത് അറിഞ്ഞാണ് ഇരുവരും എത്തിയത്. പ്രധാന റോഡിൽനിന്ന് കുറെ ദൂരം നടന്ന് വേണം ഇവരുടെ കൂരയിൽ എത്താൻ.
ഇവരുടെ കൈവശം ഉണ്ടായിരുന്ന അരി പൂർണമായും പന്നിക്കൂട്ടം അകത്താക്കി. വസ്ത്രങ്ങൾ ചവിട്ടി മെതിച്ചു. കുഞ്ഞിനിടാനുള്ള എല്ലാ വസ്ത്രങ്ങളും പന്നികൾ നശിപ്പിച്ചതായി ബീന സങ്കടത്തോടെ പറയുന്നു. അയൽ വീട്ടിൽനിന്ന് നൽകിയ അരിയാണ് ഇന്നലെ കഞ്ഞിവച്ചത്. സംഭവം അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം ഉണ്ട്.