ADVERTISEMENT

കൊന്നമങ്കര (അടൂർ) ∙ തകർന്ന റോഡുകൾ, മാലിന്യം നിറ‍ഞ്ഞ വഴികൾ, തെരുവുനായ്ക്കളുടെ ശല്യത്താൽ വലയുന്ന ജനങ്ങൾ. ഇത് അടൂർ നഗരസഭയിലെ 24–ാം വാർഡിൽപ്പെട്ട കൊന്നമങ്കര പ്രദേശം നേരിടുന്ന പ്രശ്നങ്ങളാണ്. ഈ ദുരിതങ്ങൾക്ക് പരിഹാരം തേടി പ്രദേശവാസികൾ നഗരസഭാ അധികൃതർക്ക് ഒട്ടേറെ തവണ പരാതികൾ നൽകി. പക്ഷെ നടപടികൾ മാത്രം ഉണ്ടാകുന്നില്ല. നഗരസഭാ ഓഫിസിനു തൊട്ടടുത്തായ പ്രദേശമായിട്ടു പോലും ഇവിടുത്തെ പ്രശ്നങ്ങൾ കാണാൻ പോലും അധികൃതർക്ക് സമയമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

റോഡുകളെല്ലാം കുഴികൾ നിറഞ്ഞ്

കൊന്നമങ്കര പ്രദേശത്തു കൂടി കടന്നു പോകുന്ന പുതുവീട്ടിൽപ്പടി–ബൈപാസ് റോഡ്, ചെപ്പള്ളിപ്പടി–വലിയവീട്ടിൽപ്പടി, പാർഥസാരഥി ക്ഷേത്രം–പുത്തേത്തുപ്പടി റോഡ് എന്നീ നഗര‌ വീഥികൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ടാറിങ്ങും മെറ്റലും ഇളകി കിടക്കുന്നതിനാൽ ഈ വഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ വീഴാതിരിക്കാനുള്ള അഭ്യാസം കൂടി പഠിച്ചെങ്കിലെ രക്ഷയുള്ളൂ. ഇല്ലെങ്കിൽ വാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപ്പെടും. 

അത്രയ്ക്കും രൂക്ഷമായി കിടക്കുകയാണ് ഈ റോഡുകളുടെ അവസ്ഥ. 3 വർഷത്തിലേറെയായി തകർന്നു കിടക്കുകയാണ്. മിക്കയിടത്തേയും വഴിവിളക്കുകൾ കൂടി കത്താത്തതിനാൽ രാത്രി സഞ്ചാരമാണ് ഏറെ പ്രയാസം. കുഴികൾ കാണാൻ പറ്റാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. ഇരുചക്ര സഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

മാലിന്യം നിറഞ്ഞ്

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സെന്റ് മേരീസ് സ്കൂളിലേക്ക് പോകുന്ന റോഡ് മാലിന്യം വലിച്ചെറിയാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. ഹോട്ടലുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ കൊണ്ടു തള്ളുന്നത്. ഇത് കെട്ടിക്കിടന്ന് അഴുകി ദുർഗന്ധം വമിക്കുന്നതിനാൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മൂക്കു പൊത്തി വേണം ഇതുവഴി സഞ്ചരിക്കാൻ. റോഡിലെ മാലിന്യം എല്ലാ ദിവസവും നീക്കാത്തതിനാലാണ് കെട്ടിക്കിടക്കാൻ കാരണം.

മഴ സമയത്ത് മലിനജലവും കെട്ടിക്കിടക്കുന്നുണ്ട്. കെഎസ്ആർടിസി ഡിപ്പോയിൽ ശുചിമുറി സൗകര്യം ഫലപ്രദമല്ലാത്തതിനാൽ യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും പുകവലിക്കാനുമുള്ള കേന്ദ്രമായും ഈ റോഡിനെ മാറ്റിയിരിക്കുകയാണ്.

ലഹരിമരുന്ന് വിൽപനയും

കൊന്നമങ്കര പ്രദേശത്തുള്ള വഴികൾ ലഹരി മരുന്നു വിൽപനയുടെ താവളവുമാണ്. എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിൽപനയും ഉപയോഗവുമാണ് കൂടുതലായിട്ടുമുള്ളത്. കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തുളള റോഡാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇവിടെ വൈകിട്ടു മുതൽ രാത്രി വരെയാണ് ലഹരിമരുന്നു വിൽപന. 

ഇവിടെ നിന്ന് കഞ്ചാവുമായി ഒട്ടേറെപ്പേരെ പിടികൂടിയിട്ടുണ്ട്. യുവതി–യുവാക്കളുടെ സംഘം ലഹരി മരുന്നിനായി ഇവിടെ എത്തുന്നുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. എന്നിട്ടും പൊലീസ് പട്രോളിങ് ഇവിടെ ശക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com