തിരുമുറ്റത്ത് എമർജൻസി മെഡിക്കൽ കെയർ സെന്റർ തുടങ്ങി
Mail This Article
ശബരിമല∙ പതിനെട്ടാംപടി കയറി തിരുമുറ്റത്ത് എത്തുന്ന തീർഥാടകർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ എമർജൻസി മെഡിക്കൽ കെയർ സെന്റർ തുടങ്ങി. പടികയറി എത്തുന്ന ഭക്തർക്ക് ശരീര വൈഷമ്യം ഉണ്ടായാൽ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് ഈ സെന്റർ ലക്ഷ്യമിടുന്നത്. പതിനെട്ടാംപടി കയറുന്ന തിക്കിലും തിരക്കിലും ശാരീരിക വൈഷമ്യം അനുഭവപ്പെടുന്ന തീർഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് അടിയന്തര അനുമതി ലഭിച്ചത്. ഇന്നലെ രാവിലെ തന്നെ എമർജൻസി മെഡിക്കൽ കെയർ സെന്റർ തുറക്കാനുള്ള നടപടികൾ വേഗത്തിൽ നടന്നു. തന്ത്രി കണ്ഠര് രാജീവര് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, സഹാസ് സെക്രട്ടറിയും ജനറൽ സർജനുമായ ഡോ. ഒ. വാസുദേവൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.ശാന്തകുമാർ, അസി. സ്പെഷൽ ഓഫിസർ എം.രവികുമാർ എന്നിവർ പങ്കെടുത്തു.
തന്ത്രി, മേൽശാന്തി എന്നിവരുടെ രക്ത സമ്മർദം പരിശോധിച്ചായിരുന്നു ഉദ്ഘാടനം. പരിശോധനയ്ക്കായി എഇഡി മെഷീൻ അടക്കമുള്ള ഉപകരണങ്ങൾ ഇവിടെ ഉണ്ട്. ഡോ ഗിരിനാഥൻ, ഡോ ആകാശ് ശരവണൻ എന്നിവർ ഇവിടെ സേവനത്തിനുണ്ട്. എമർജൻസി മെഷീൻ ടെക്നിഷ്യൻ, രണ്ട് സ്റ്റാഫ് നഴ്സ് എന്നിവരും ഉണ്ട്.