എൽഡി ക്ലാർക്ക് നിയമന ഉത്തരവ് കൈമാറിയതിൽ ചട്ടലംഘനമെന്ന് ആരോപണം
Mail This Article
പത്തനംതിട്ട ∙ ജില്ലാ റവന്യു ഭരണ വിഭാഗത്തിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുളള നിയമന ഉത്തരവ് ഉദ്യോഗാർഥികൾക്ക് കൈമാറിയതിൽ ചട്ടലംഘനമുണ്ടായതായി ആരോപണം. നിയമന ഉത്തരവ് റജിസ്റ്റേർഡ് തപാൽ മുഖേന നൽകണമെന്ന് ജില്ലാ കലക്ടർ നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, കൊല്ലം ജില്ലക്കാരായ രണ്ട് ഉദ്യോഗാർഥികൾക്ക് നേരിട്ട് നിയമന ഉത്തരവ് കൈമാറിയതെന്നാണ് ആക്ഷേപം.
ഇരുവരും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ എൻജിഒ സംഘിൻെറ നേതൃത്വത്തിൽ കലക്ടറെ ചേമ്പറിനുള്ളിൽ ഉപരോധിച്ചു. സംഘ് ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ്, സെക്രട്ടറി ജി.അനീഷ്, പി.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. വാട്സാപ് വഴിയാണ് നിയമന ഉത്തരവ് നൽകിയതെന്നും സംഘ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. ജോയിന്റ് കൗൺസിൽ ഭാരവാഹിയുടെ ഇടപെടലാണു നിയമന ഉത്തരവ് നേരിട്ടു നൽകാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. 25 ഉദ്യോഗാർഥികൾക്കാണു ജില്ലയിൽ നിയമന ഉത്തരവ് ലഭിച്ചത്. മറ്റുള്ളവർക്കെല്ലാം തപാൽ മാർഗം ഉത്തരവ് അയച്ചപ്പോൾ 2 പേർക്കു മാത്രം ഉത്തരവു നേരിട്ടു നൽകിയതാണു വിവാദമായത്. സംഭവത്തിൽ സമഗ്ര അന്വേഷണ വേണമെന്നു എൻജിഒ അസോസിയേഷനും ആവശ്യപ്പെട്ടു.
സർവീസ് ചട്ടങ്ങളിലെവിടെയും നിയമന ഉത്തരവ് രാഷ്ട്രീയക്കാർ വഴി നേരിട്ടെത്തിക്കാൻ പറയുന്നില്ല. 2 പേർക്കു സീനിയോറിറ്റി കിട്ടാനായി മറ്റുള്ള 23 പേരുടെ നിയമന ഉത്തരവ് വൈകിച്ചതു ഗൂഡാലോചനയാണെന്നു എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് ആരോപിച്ചു. കലക്ടറേറ്റിൽ നടന്ന സമരത്തിന് സെറ്റോ ചെയർമാൻ പി.എസ്.വിനോദ് കുമാർ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, തട്ട ഹരികുമാർ, ബിജു ശമുവേൽ, തുളസീരാധ, ഷമീം ഖാൻ, അബു കോശി, ഡി.ഗീത, വിഷ്ണു സലീം കുമാർ എന്നിവർ നേതൃത്വം നൽകി.